ന്യൂഡൽഹി: പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പിഎം വിശ്വകർമ്മയോജനയുടെ ഉദ്ഘാടനം സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നിർവഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയ്‌ക്കായി വിശ്വകർമ്മ യോജന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വർഷം കൊണ്ട് ഈ മേഖലയുടെ ഉന്നമനത്തിന് കേന്ദ്രസർക്കാർ ചെലവഴിക്കുക. സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകൾ ആദ്യഘട്ടത്തിൽ പദ്ധതിയ്‌ക്കുകീഴിൽ ഉൾപ്പെടുത്തും.
പി.എം വിശ്വകർമ്മ യോജനയിൽ കൈതൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും പി.എം വിശ്വകർമ്മ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ ലഭ്യമാക്കും. ഇവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാമനായി 5% പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വരെ ആദ്യ ഗഡുവായും രണ്ടുലക്ഷം രൂപവരെ രണ്ടാം ഗഡുവായും നൽകും. അതിനുപുറമെ സ്‌കിൽ അപ്ഗ്രഡേഷൻ, ടൂൾകിറ്റ് ഇൻസെന്റീവ് , ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം, വിപണനം എന്നിവയും ഈ പദ്ധതിയിലൂടെ നൽകും.
Discussion about this post