പൂനെ: ഛത്രപതി ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ തയാറാക്കിയ പ്രദര്‍ശിനി ശ്രദ്ധേയമായി. സിംഹാസനാരൂഢനായ ശിവാജിയുടെ പ്രതിമ കവാടമാക്കിയ പ്രദര്‍ശിനിയില്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രകാരനായ വിജയറാവു ദേശ്മുഖ്, വി.സി. ബേന്ദ്രെ തുടങ്ങിയവര്‍ വരച്ചിട്ട ശിവാജിയുടെ ജീവിതരേഖകള്‍, ശിവാജിയുടെ കാലത്തെ കത്തുകളില്‍ നിന്നുള്ള ഉദ്ധരണികള്‍, ശിവാജിയുടെ നാവികസേനയിലെ കപ്പല്‍, അദ്ദേഹം എഴുതിയ കത്തുകളുടെ വിവര്‍ത്തനം, ഹിന്ദവി സ്വരാജ്യത്തിലെ കോട്ടകളുടെ രൂപങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശിവാജിയും സന്ത് തുക്കാറാമും നടത്തിയ കൂടിക്കാഴ്ചയുടെ ചരിത്രം വിളിച്ചോതുന്ന ‘ഭക്തി ശക്തി സംഗമം’ എന്ന ശില്‍പവും ഈ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു.
‘സ്വാതന്ത്ര്യ സമരത്തില്‍ വനവാസി വീരന്മാരുടെ സംഭാവന’ എന്ന വിഷയത്തില്‍ അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം മറ്റൊരു പ്രദര്‍ശിനിയും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ സംഘടനകള്‍ ആവിഷ്‌കരിച്ച സ്വാവലംബി ഭാരത് അഭിയാന്‍’ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒഴിവാക്കി അഭിവൃദ്ധി പ്രാപിക്കുന്ന സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.
Discussion about this post