അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായി ഭാരതത്തില്‍ എത്തി അഹമ്മദാബാദില്‍ താമസിച്ചിരുന്ന 108 പേര്‍ക്ക് പൗരത്വം നല്കി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ ഓഫീസില്‍ വച്ചാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. പൗരത്വ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കിയതില്‍ ജില്ലാഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും ഗുജറാത്ത് ആഭ്യന്ത്രമന്ത്രി ഹരീഷ് സംഘ്‌വി അഭിനന്ദിച്ചു.
പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ പൗരത്വം നേടിയവരെ സംഘ്‌വി ആഹ്വാനം ചെയ്തു. ഭാരതത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്കാനും അവരെ സമാജത്തിന്റെ ഭാഗമാക്കാനും കേന്ദ്രവും സംസ്ഥാനസര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നുള്ള 1,149 പേര്‍ക്ക് അഹമ്മദാബാദ് ജില്ലാ കളക്ടറേറ്റ് ഇതുവരെ ഭാരതീയ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, കച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭാരതീയ പൗരത്വം നല്‍കാനുള്ള അധികാരം 2016, 2018 കാലത്തെ ഗസറ്റ് വിജ്ഞാപനങ്ങളിലൂടെയാണ് നല്‍കിയത്.
Discussion about this post