ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. അതേസമയം അനന്തനാഗിലെ ഭീകരവിരുദ്ധ സൈനിക നടപടി നാലാം ദിവസവും തുടരുകയാണ്.
ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം (എല്‍ഒസി) നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്.
അനന്ത്നാഗിലെ വനമേഖലയില്‍ നിലയുറപ്പിച്ച ഭീകരര്‍ക്കെതിരായുള്ള സൈനിക നീക്കം തുടരുന്നതിനിടെയാണ് ബാരാമുള്ളയിലെ പുതിയ ഏറ്റുമുട്ടല്‍.
വെള്ളിയാഴ്ച, ബാരാമുള്ള ജില്ലയില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരവാദ മൊഡ്യൂള്‍ കണ്ടെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മിര്‍ സാഹിബ്, സായിദ് ഹസ്സന്‍ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരാണ് പിടിയിലായത്. ഇരുവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. അനന്ത്നാഗില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ സുരക്ഷാ സേന ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട്. വനമേഖലയില്‍ കുടുങ്ങിയ ഭീകരരെ ഉടന്‍തന്നെ കണ്ടെത്താനാകുമെന്ന് കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഒരു സൈനികന്‍ കൂടി മരിച്ചതോടെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിംഗ്, അതേ ബറ്റാലിയനിലെ മേജര്‍ ആഷിഷ് ധോന്‍ചക്, ഡിഎസ്പി ഹുമയൂണ്‍ മുസാമില്‍ ഭട്ട് എന്നിവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്.
Discussion about this post