ന്യൂഡല്‍ഹി: ഏറെ വൈകാരികതയോടെയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് ഗുഡ്‌ബൈ പറഞ്ഞ പുതിയ പാര്‍ലമെന്റിലേക്ക് പ്രവശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഈ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെന്നത് ശരിയാണെങ്കിലും നമുക്ക് ഇതിനെ ഒരിക്കലും മറക്കാനാകില്ല. ഇതിന്റെ നിര്‍മാണത്തിനായി ചെലവഴിച്ച അധ്വാനവും പണവും എന്റെ രാജ്യത്തെ ജനങ്ങളുടെതാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് ദിവസം നീളുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
‘നമ്മളെല്ലാവരും ഈ ചരിത്രപരമായ കെട്ടിടത്തോട് വിടപറയുകയാണ്. പുതിയ പാര്‍ലമെന്റിലേക്ക് നമ്മള്‍ മാറുകയാണെങ്കിലും പഴയ കെട്ടിടം പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കും. ഒരുപാട് കയ്‌പേറിയതും മധുരമുള്ളതുമായ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന കെട്ടിടത്തോടത്തോടാണ് വിടപറയുന്നത്. ഞാന്‍ ആദ്യമായി ഈ മന്ദിരത്തില്‍ അംഗമായി പ്രവേശിച്ചപ്പോള്‍, ആളുകളില്‍ നിന്ന് എനിക്ക് ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല’ മോദി പറഞ്ഞു.
ചന്ദ്രയാന്‍ ദൗത്യം, ജി-20 ഉച്ചകോടി വിജയങ്ങളില്‍ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും മറ്റു അണിയറ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു സുഹൃത്തിനെ തിരയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന്, എല്ലാ ഇന്ത്യക്കാരുടെയും നേട്ടങ്ങള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. നേട്ടങ്ങള്‍ ഒരാളുടേത് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേതുമാണ്. ചന്ദ്രയാന്‍-3 യുടെ വിജയം ഇന്ത്യയുടെത് മാത്രമല്ല, ലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ, ശാസ്ത്രം, നമ്മുടെ സാധ്യതകള്‍, രാജ്യത്തെ 140 കോടി ജനങ്ങളുടെ ശക്തി എന്നിവയെല്ലാം ഒരു പുതിയ രൂപം രാജ്യത്തിന് നല്‍കിയിരിക്കുന്നു.
പ്രതിപക്ഷ ബഹളത്തിനിടയിലാണ് പ്രത്യേക സമ്മേളനം ലോക്‌സഭയില്‍ ആരംഭിച്ചത്. ജി20 ഉച്ചകോടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രിയേയും രാജ്യത്തെ ജനങ്ങളേയും സ്പീക്കര്‍ ഓം ബിര്‍ള അഭിനന്ദിച്ചു.
ഈ സമ്മേളന കാലയളവ് ചെറുതായിരിക്കുമെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുണ്ടാകുമെന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post