ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 പേടകം ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഇസ്രോ(ISRO). സ്റ്റെപ്‌സ് ഇന്‍സ്ട്രുമെന്റിലെ സെന്‍സറുകളാണ് പഠനം ആരംഭിച്ചത്. സൂര്യന്റെ താപവ്യതിയാനങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാകും പേടകം ശേഖരിക്കുന്ന വിവരങ്ങള്‍.
ഭൂമിയില്‍ നിന്ന് അമ്പതിനായിരം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള സുപ്രാതെര്‍മല്‍ എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെ കുറിച്ചാണ് പേലോഡ് പഠിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാന്‍ ഈ വിവരം ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി.
വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്. ഇതില്‍ ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് പേലോഡിന്റെ ഭാഗമായ സുപ്രാതെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍ (സ്റ്റെപ്‌സ്) എന്ന ഉപകരണമാണ് വിവരശേഖരണം ആരംഭിച്ചത്. ഭൂമിയ്ക്ക് ചുറ്റുമുള്ള പ്രത്യേകിച്ച് ഭൂകാന്തശക്തിയുടെ സാന്നിദ്ധ്യത്തിലുള്ള കണങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിന് ഈ വിവരങ്ങള്‍ സഹായകമാകും.
Discussion about this post