ന്യൂദല്‍ഹി: കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം. അപ്രതീക്ഷിതമായിരുന്നു ബിദുലയുടെ ദല്‍ഹിയിലേക്കുള്ള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നോ സംസാരിക്കുമെന്നോ കരുതിയിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ വന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നിമിഷത്തിലും ലോകം മുഴുവന്‍ ആദരവോടെ കാണുന്ന പ്രധാനമന്ത്രി തന്നോട് സംസാരിക്കുമെന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ലെന്ന് കോഴിക്കാട് എലത്തൂര്‍ സ്വദേശി പി.ബി. ബിദുല പറയുന്നു.
പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ബിദുല. പ്രദര്‍ശനം കാണാനെത്തിയ പ്രധാനമന്ത്രി ബിദുലയ്‌ക്കടുത്ത് ഇരുന്ന് സംസാരിക്കുകയും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളെകുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കേരളത്തിലെ കളിമണ്ണിന്റെ പ്രത്യേകതയെകുറിച്ചും മറ്റുസംസ്ഥാനങ്ങളിലെ മണ്ണുമായുള്ള വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യുന്നത് എന്താണെന്ന ചോദ്യവും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായി. ബിദുല കളിമണ്ണും മരവും കൊണ്ട് നിര്‍മ്മിച്ച ക്ലോക്കും സോപ്പ് ഡിഷും മനോഹരമായെന്ന അഭിനന്ദനവും പ്രധാനമന്ത്രി നല്‍കി. ചുമരില്‍ ഘടിപ്പിക്കുന്ന രീതിയില്‍ മണ്‍ചിരാതുകള്‍ നിര്‍മ്മിച്ചുകൂടേയെന്ന് പ്രധാനമന്ത്രി ചോദിച്ചതായും ബിദുല പറഞ്ഞു.
കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തയാര്‍ന്ന ഉല്പന്നങ്ങളുമായാണ് ഭര്‍ത്താവ് കെ.പി. ബൈജുനാഥിനൊപ്പം ബിദുല പ്രദര്‍ശനത്തിന് എത്തിയത്. 23 വര്‍ഷമായി കളിമണ്ണുകൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബിദുല 12 വര്‍ഷമായി വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ സെന്‍ട്രല്‍ വില്ലേജ് പോര്‍ട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാസ്റ്റര്‍ ഓഫ് പോര്‍ട്ടറിയില്‍ ബിരുദവും നേടിയിട്ടുണ്ട്.
കണ്ണാടിക്കല്‍ പൂളക്കണ്ടിയില്‍ പരേതനായ ബാലന്റെയും മൃദുലയുടെയും മകളാണ് ബിദുല. എലത്തൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ പുതിയോട്ടില്‍കടവ് കിഴക്കേ പുത്തലത്ത് വീട്ടില്‍ ബിദുല ക്ലേ സ്റ്റുഡിയോ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്. കാരപ്പറമ്പ് ധരണി ക്രാഫ്റ്റ് ഗലേറിയയുടെ സ്ഥാപകരില്‍ ഒരാളുമാണ് ബിദുല. മകന്‍ ഘനശ്യാം ഡിഗ്രി വിദ്യാര്‍ത്ഥിയും മകള്‍ ശ്രീപാര്‍വ്വതി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
പിഎം വിശ്വകര്‍മ്മ പദ്ധതി ലക്ഷക്കണക്കിനുപേര്‍ക്ക് തുണയാകുമെന്ന് ബിദുല പറയുന്നു. പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും താഴേത്തട്ടില്‍ എത്തിയിട്ടുണ്ട്. ഈ പദ്ധതിയും അങ്ങനെ തന്നെയാകും. പിഎം വിശ്വകര്‍മ്മ പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നും ബിദുല കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനത്തിനുശേഷം ബിദുല നാളെ കേരളത്തിലേക്ക് മടങ്ങും.
Discussion about this post