ന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിലെ സുപ്രധാന ദിനത്തിന് സാക്ഷിയായി ഇന്ത്യ. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രധാനമന്ത്രിയും സ്പീക്കറും എംപിമാരുമടക്കം എല്ലാ പ്രതിനിധികളും പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രവേശിച്ചു. ഇതിനായി പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും കാൽനടയായാണ് ഏവരുമെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരോടൊപ്പം എല്ലാ എംപിമാരും അനുഗമിച്ചിരുന്നു. പഴയ പാർലമെന്റ് മന്ദിരമെന്നല്ല, ഇനി മുതൽ ‘സംവിധാൻ സദൻ’ എന്നാണ് അറിയപ്പെടേണ്ടതെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രി പഴയ മന്ദിരത്തിന്റെ പടിയിറങ്ങിയത്.
പുതിയ പാർലമെന്റിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് എംപിമാരെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ ചരിത്രത്തിലെ സുപ്രധാന ദിനമാണിന്നെന്നും ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് നാമോരോരുത്തരുടെയും ഭാഗ്യമായി കണക്കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെ അഭിസംബോധന ചെയ്തത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഏവരെയും പ്രധാനമന്ത്രി ഹൃദയപൂർവ്വം സ്വാഗതമരുളി. പല കാരണങ്ങൾക്കൊണ്ടും അഭൂതപൂർവമായ നിമിഷമാണിതെന്നും അമൃതകാലത്തിലേക്കുള്ള ആരംഭമാണെന്നും അഭിപ്രായപ്പെട്ടു.
Discussion about this post