ചെന്നൈ: വനിതാ സംവരണ ബില്ലിനെ നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്ന് പ്രശംസിച്ച് കമൽഹാസൻ. നമ്മുടെ ജനാധിപത്യം പുതിയ പാർലമെന്റ് മന്ദരിത്തിലേക്ക് മാറിയ ദിനം റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റർ (എക്‌സ്) പോസ്റ്റിലൂടെയാണ് കമൽഹാസൻ ഇക്കാര്യം അറിയിച്ചത്.
‘ഈ പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലായ വനിതാ സംവരണ ബില്ലിനെ ഞാൻ പൂർണ ഹൃദയത്തോടെ അഭിനന്ദിക്കുന്നു. ലിംഗസമത്വം ഉറപ്പാക്കുന്ന രാഷ്‌ട്രങ്ങൾ എപ്പോഴും അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും. ഇത് രാജ്യസഭയിലേക്കും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും വ്യാപിപ്പിക്കണം. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബില്ല് അവതരിപ്പിച്ചത്. 2023 സെപ്തംബർ 19 എന്ന ചരിത്ര ദിനം ഇന്ത്യയുടെ ചരിത്രത്തിൽ അനശ്വരമായിരിക്കുമെന്ന് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം നയരൂപീകരണത്തിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ സംവരണം പാസാകുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരും.
Discussion about this post