മുംബൈ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണം രാഷ്ട്രമന്ദിര നിര്‍മ്മാണത്തിന്റെ തുടക്കമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുംബൈ ജിഎസ്ബി സേവാ മണ്ഡലില്‍ തീര്‍ത്ത ഗണേശോത്സവമണ്ഡപം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളുടെ തപസും പരിശ്രമവും പോരാട്ടവും പിന്നിട്ടാണ് സമാജമൊന്നാകെ ഒത്തുചേര്‍ന്ന് രാമക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. ഇത് രാഷ്ട്രത്തെ വൈഭവപൂര്‍ണമാക്കിത്തീര്‍ക്കുന്നതിന്റെ സമാരംഭമാണ്. അതിനായുള്ള മുന്നേറ്റത്തില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ മഹാഗണപതിയുടെ അനുഗ്രഹങ്ങള്‍ക്കായി ഈ ഗണേശോത്സവത്തില്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാര്‍ത്ഥന മുന്നേറ്റത്തിനുള്ള ആത്മവിശ്വാസം നല്കും. തടസങ്ങളകലാന്‍ പക്ഷേ പ്രാര്‍ത്ഥനയ്ക്കപ്പുറം ഓരോരുത്തരുടെയും പ്രയത്‌നം അനിവാര്യമാണ്. ഓരോ പൗരനും ചെയ്യേണ്ട കര്‍ത്തവ്യങ്ങളുണ്ട്. അത് കൃത്യമായി ചെയ്താല്‍ ഫലം നല്കാന്‍ ഈശ്വരന്‍ പ്രാപ്തനാണ്. നമ്മള്‍ എല്ലാം ചെയ്യണം. ഫലത്തിന് കാരണം ഈശ്വരനെന്ന് കരുതുക. നമ്മള്‍ മരം നടുന്നു, അവന്റെ വിരല്‍ തൊടുമ്പോള്‍ അത് ഉണരുന്നു,
ഈ മനോഭാവത്തോടെ എല്ലാവരും ചുമതലകള്‍ നിറവേറ്റുകയാണെങ്കില്‍, ഈശ്വരീയ കാര്യം നിറവേറും. ആത്വവിശ്വാസവും സങ്കല്പവും കാത്തുസൂക്ഷിച്ച് ശരിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. പ്രാര്‍ത്ഥന എന്ത് തന്നെയായാലും അത് രാഷ്ട്രത്തിന്, ധര്‍മ്മത്തിന്, സംസ്‌കാരത്തിന്, സമാജത്തിന് വേണ്ടി വിനിയോഗിക്കണം, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post