റായ്പൂര്‍ (ഛത്തീസ്ഗഡ്): മതം മാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണെന്നും ഇതിന് ഭരണഘടനാപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ജനജാതി സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റായ്പൂര്‍ സാംതാ കോളനിയിലെ ശ്രീരാംനാഥ് ഭീംസെന്‍ സഭാ ഭവനില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ ജനജാതി സുരക്ഷാമഞ്ച് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതംമാറിയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ രാജ്യത്തുടനീളം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തി വരികയാണ്. ഇതുവരെ 221 ജില്ലാ റാലികളും എട്ട് സംസ്ഥാനങ്ങളില്‍ സംസ്ഥാന തല റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. 50,000 ഗ്രാമങ്ങളുടെ പങ്കാളിത്തം ഈ റാലികളില്‍ ഉണ്ടായി. ഏഴ് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഈ ഡീ ലിസ്റ്റിങ് പ്രസ്ഥാനം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും എന്ന് ഹന്‍സ്ദ പറഞ്ഞു.പട്ടികവര്‍ഗ സംവരണം, സംരക്ഷണം, വികസന ഫണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാത്തര്‍ തട്ടിയെടുക്കുകയാണ്. മതം മാറിയ അത്തരക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്. ഇവരാണ് അവകാശങ്ങളുടെ 70 ശതമാനവും കവര്‍ന്നെടുക്കുന്നത്..പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നതാണ് റാലികള്‍ ഉയര്‍ത്തുന്ന ആവശ്യം. ധര്‍മ്മം, സംസ്‌കാരം, പാരമ്പര്യം, അനുഷ്ഠാനങ്ങള്‍ എന്നിവ ഉപേക്ഷിച്ച് ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് വീണ്ടും എസ്ടി പദവി നല്‍കുന്നത് നിയമവിരുദ്ധമാണ്. നിയമസഭകളിലും മറ്റും എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ മതം മാറിയ ആളെയും സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വരുന്നത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.ഡിസംബറോടെ, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ബീഹാര്‍, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. ഡീ ലിസ്റ്റിങ് വിഷയത്തില്‍ ഭാവികര്‍മപദ്ധതിയും യോഗം ചര്‍ച്ച ചെയ്തു. ഭരണഘടനയുടെ 342-ാം അനുച്ഛേദം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റ് ഡീ-ലിസ്റ്റിങ് നിയമം ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള 705 പട്ടികവര്‍ഗ സംഘടനകള്‍ ഒരുമിച്ച് പാര്‍ലമെന്റ് വളയുമെന്ന് ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ മുന്നറിയിപ്പ് നല്കി.വാര്‍ത്താസമ്മേളനത്തില്‍ ജനജാതി സുരക്ഷാമഞ്ച് ദേശീയ സമിതി അംഗം പവിത്ര കഹാര്‍, കാലു സിങ് മുജല്‍ദ, രാംനാഥ് കശ്യപ് എന്നിവരും പങ്കെടുത്തു.
Discussion about this post