ന്യൂഡൽഹി: 2047-ഓടെ രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമിലൂടെ വിജയിക്കുന്നവരുടെ ഭാവി ശോഭനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച എ.ബി പ്രോഗ്രാമായ ‘സങ്കൽപ് സപ്താഹ്’ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ആഗോള വിഷയങ്ങൾ ചർച്ച ചെയ്യാൻ ലോക നേതാക്കൾ ഒത്തുകൂടിയ ഇടമാണിത്. എന്നാൽ ഇപ്പോഴിതാ ഈ ഭാരത് മണ്ഡപം രാജ്യത്തിന്റെ താഴെത്തട്ടിൽ വികസനം കൊണ്ടുവരുന്ന വ്യക്തികൾക്ക് ആതിഥ്യമരുളുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ഉച്ചകോടി ജി20 ഉച്ചകോടി പോലെ പ്രധാനമാണ്. ആസ്പിറേഷനൽ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം വിജയിച്ചത് പോലെ ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമും നൂറ് ശതമാനം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’.
‘ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം രാജ്യത്തെ 112 ജില്ലകളിലെ 25 കോടിയിലധികം ആളുകളുടെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സങ്കൽപ് സപ്താഹ് ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകമാണ്. ഇത് എല്ലാവരുടെയും പ്രയത്‌നത്തെ അടയാളപ്പെടുത്തുന്നു. ഈ പരിപാടി ഇന്ത്യയുടെ ഭാവിക്കും പ്രധാനമാണ്’.
‘ആസ്പിറേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാമിനായി കേന്ദ്രസർക്കാർ വളരെ ലളിതമായ പദ്ധതികളാണ് നടപ്പിലാക്കിയത്. താഴെത്തട്ടിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഏകീകൃത ഭവന മാതൃക പിന്തുടരുന്ന മുൻ ഭരണ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഞങ്ങളുടെ പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്തുകൾ ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാമിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post