മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടര്‍മാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തനിക്ക് വോട്ടു ചെയ്യാനാണ് താത്പര്യമെങ്കില്‍ ചെയ്യാമെന്നും മറിച്ചാണെങ്കില്‍ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാഷിമില്‍ ദേശീയപാതകളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു പ്രഖ്യാപനം.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനം. ചായയും വെള്ളവും പണവും ഒന്നും നല്‍കില്ല, വിദേശമദ്യോ നാടന്‍ മദ്യമോ ലഭിക്കാന്‍ പോകുന്നില്ല. ഞാന്‍ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ വാങ്ങാന്‍ അനുവദിക്കുകയുമില്ല. എന്നാല്‍ സത്യസന്ധമായി നിങ്ങളെ സേവിക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എനിക്ക് വോട്ടു ചെയ്യാം താത്പര്യമില്ലെങ്കില്‍ ചെയ്യേണ്ടതില്ല.- ഗഡ്തരി പറഞ്ഞു.
കഴിഞ്ഞ ജൂലായിലും സമാനമായ പ്രസ്താവന ഗഡ്കരി നടത്തിയിരുന്നു. ഇത്തരം തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നുമായിരുന്നു അന്ന് ഗഡ്കരി പറഞ്ഞത്. ഒരു തവണ തിരഞ്ഞെടുപ്പില്‍ ഒരു കിലോ മട്ടന്‍ വീതം താന്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. എന്നിട്ടും ആ തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റു. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ് അവര്‍ക്ക് അനുയോജ്യരെന്ന് തോന്നുന്നവര്‍ക്കെ അവര്‍ വോട്ടു ചെയ്യൂവെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Discussion about this post