കോഴിക്കോട്: സ്ത്രീ-പുരുഷ തുല്യതയല്ല പരസ്പര സഹകരണവും സഹപ്രവര്‍ത്തനവുമാണ് വേണ്ടതെന്ന് പറഞ്ഞ രാഷ്ട്ര സേവികാ സമിതി (ആര്‍എസ്എസ്) അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനീലാ സോവനി, സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടത് ബാഹ്യ സഹായംകൊണ്ടല്ല എന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേസരി സംഘടിപ്പിക്കുന്ന അമൃതശതം പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തില്‍ രാഷ്ട്ര സേവികാ സമിതിയുടെ പങ്ക് എന്നതായിരുന്നു വിഷയം.
സ്ത്രീക്കും പുരുഷനും എല്ലാ കാര്യത്തിലും തുല്യത, ലിംഗ സമത്വം തുടങ്ങിയവ വിദേശ ആശയങ്ങളാണ്. തുല്യത സംഘര്‍ഷമുണ്ടാക്കും, പകരം സഹകരണമാണ് വേണ്ടത്. തുല്യാധികാരം സംഘര്‍ഷമുണ്ടാക്കും, പകരം സഹകരണമാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും കര്‍ത്തവ്യ ബോധമുണ്ടാകണം, സുനീലാ സോവാനി പറഞ്ഞു.
1936 ലാണ് രാഷ്ട്ര സേവികാ സമിതി തുടങ്ങിയത്. ലക്ഷ്മീ ഭായ് കേല്‍ക്കര്‍, സ്വജീവിതാനുഭവങ്ങളിലൂടെ സംഘത്തെയറിഞ്ഞ്, ഡോ.ഹെഡ്‌ഗേവാറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സ്്ത്രീകളെ സ്വയം ശാക്തീകരിക്കാന്‍ സേവികാ സമിതി ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ 1942 ലെ സത്യഗ്രഹങ്ങളില്‍ 1800 വനിതകള്‍ പങ്കെടുത്തു. പക്ഷേ സ്വാതന്ത്ര്യാനന്തരം ഒരു വേദിയിലും സ്ത്രീക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ല. ഇപ്പോള്‍ വനിതകള്‍ക്ക് 33 % സംവരണം ലോക്‌സഭയില്‍ വന്നു. പക്ഷേ, ഇപ്പോഴുള്ള 81 എംപിമാരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കുടുംബക്കാരാണ്. ഇനി 181 വനിതാ എംപിമാര്‍ വരും. അവരില്‍ മികച്ച വനിതകള്‍ എത്താന്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം, സുനീലാ സോവനി പറഞ്ഞു.
സ്ത്രീ ശാക്തീകരണം എന്ന വാക്ക് ഇപ്പോഴാണ് ഇത്ര പ്രചാരത്തിലായത്. എന്നാല്‍, അത് ആരോഗ്യമുണ്ടാകാന്‍ കുത്തിവെയ്പ്പ് നടത്തുന്നതുപോലെ സംഭവിക്കേണ്ടതല്ല. സ്ത്രീയുടെ ഉള്ളില്‍ ആ ശക്തിയുണ്ട്. അത് ഉണര്‍ത്തിയെടുക്കണം. സേവികാ സമിതി 90 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. മൗസിജി എന്ന് വിളിക്കപ്പെട്ടിരുന്ന ലക്ഷ്മിഭായ് കേല്‍ക്കര്‍, സ്ത്രീ ശാക്തീകരണം പുരുഷന്റെ സംരക്ഷണംകൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ അല്ല, സ്ത്രീയുടെ ആത്മശക്തി വര്‍ദ്ധിപ്പിച്ച് സ്വാശ്രയത്വത്തിലൂടെ നേടേണ്ടതാണെന്ന് സ്ഥാപിച്ചു. രാഷ്ട്ര സേവികാ സമിതിക്ക് ഇന്ന് 3500 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 1200 പ്രചാരികമാരുണ്ട്. കോടിക്കണക്കിന് പേര്‍ പ്രവര്‍ത്തനത്തിലുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും ഗുണയുക്തരായ അവര്‍ രാജ്യവ്യാപകമായി ദീപസ്തംഭങ്ങളായി പ്രവര്‍ത്തിക്കുന്നു.
പതിനായിരക്കിന് എന്‍ജിഒകള്‍ സ്ത്രീ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാവരും സ്ത്രീ വിദ്യാഭ്യാസം, തൊഴില്‍ നേടല്‍, ആരോഗ്യ സംരക്ഷണം ഒക്കെയാണ് വിഷയമാക്കിയിട്ടുള്ളത്. ആര്‍ക്കും ദേശീയതാല്‍പര്യത്തില്‍ രാഷ്ട്രത്തിന്റെ ക്ഷേമമാണ് ലക്ഷ്യമെന്ന് പറയുന്നില്ല. സ്ത്രീശക്തി അതിനുള്ളതാകണം. സ്ത്രീ സ്വയം ശക്തയാകണം, കുടുംബത്തെ ശരിയായി നയിക്കാന്‍ പ്രാപ്തരാകണം, അവര്‍ക്ക്് അപ്പോള്‍ സമൂഹത്തെയും രാഷ്ട്രത്തെയും നയിക്കാന്‍ പ്രാപ്തിവരും. എന്‍ജിഒകള്‍ പലതും മറ്റു താല്‍പര്യങ്ങളില്‍ വിദേശ കാഴ്ചപ്പാടുകളാണ് നടപ്പാക്കുന്നത്.
സേവികാ സമിതിയുടെ തുടക്കകാലത്ത് മൗസിജി ചെയ്തതും ചെയ്യിപ്പിച്ചതും യഥാര്‍ത്ഥ സ്ത്രീ ശാക്്തീകരണമായിരുന്നു. സ്ത്രീകള്‍ നടത്തുന്ന് സമൂഹ അടുക്കള ആദ്യം തുടങ്ങിയത് മൗസിയുടെ ആശയത്തിലാണ്. സ്ത്രീകള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും സംവിധാനവും കൊണ്ടുവന്നു. ഭാരത വിഭജനകാലത്ത് സ്ത്രീകള്‍ക്കുവേണ്ടി അപകടമേഖലകളില്‍ പ്രവര്‍ത്തിച്ച് മാതൃകയായി. ഇന്ന്, പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സമിതി പ്രവര്‍ത്തകള്‍ സഹായത്തിനെത്തുന്നു. കൊറോണക്കാലത്ത് ഗുജറാത്തിലെ ഭുജില്‍ ശവസംസ്‌കാരം നടത്താന്‍ പോലും സമിതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു, സുനീലാ സോവനി വിശദീകരിച്ചു.
സ്ത്രീ സുശീലയും സഐധീരയും സമര്‍ത്ഥയും സമേതയുമായിത്തീരാന്‍ അവളിലെ ദേവിയെ, ദുര്‍ഗയെ ഉണര്‍ത്തണം. അങ്ങനെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഗരുഡന്റെ ഇരു ചിറകുകള്‍ പോലെ സ്ത്രയും പുരുഷനും സഹവര്‍ത്തിച്ച്, രാഷ്ട്രത്തെ നയിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സേവികാ സമിതിക്ക് ഒപ്പം ചേരണം. അങ്ങനെ ഭാരത മഹാരഥത്തെ നയിക്കണം, സുനീലാ സോവനി പറഞ്ഞു.
കോഴിക്കോട് ഗവ. ആര്‍്ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി. പ്രിയ അധ്യക്ഷയായി. കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ സ്ത്രീകളുടെ ഉന്നമനത്തിന് സഹായകമാണെന്നു പറഞ്ഞ ഡോ.പ്രിയ, സ്ത്രീ എങ്ങനെയാകണമെന്നും എങ്ങനെയാകരുതെന്നും നമ്മുടെ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ മാതൃകകാണിക്കുന്നുവെന്ന്് ചൂണ്ടിക്കാട്ടി. എത്ര ബുദ്ധിശാലികളാണെങ്കിലും എന്തെല്ലാം കഴിവുണ്ടെങ്കിലും വൈകാരിക ജാഗ്രതയില്ലെങ്കില്‍ ബുദ്ധിനാശം ഉണ്ടാകുമെന്ന ഗീതാവചനം ഏറെ പ്രസ്‌കതമാണെന്നും അവര്‍ പറഞ്ഞു.
സേവികാ സമിതി കോഴിക്കോട് ജില്ലാ കാര്യവാഹിക കര്‍ണ്ണികാ സുന്ദര്‍ സ്വാഗതവും മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് നന്ദിയും പറഞ്ഞു.
Discussion about this post