ഡൽഹി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ഭാരതം. മത്സരത്തിന്റെ 11-ാം ദിനത്തിൽ വെങ്കല മെഡലോടെ തുടക്കം കുറിച്ച് ഭാരതം, തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും അധികം മെഡൽ നേടിയ എഡിഷനായി 2022-ലെ ഏഷ്യൻ ഗെയിംസിനെ മാറ്റി. രാജ്യം പുതുചരിത്രം കുറിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത കായിക താരങ്ങളെ അഭിനന്ദിച്ചും രാജ്യത്തിന്റെ നേട്ടത്തിൽ ആഹ്ലാദം പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.
‘ഏഷ്യൻ ഗെയിംസിൽ ഭാരതം എന്നത്തേക്കാളും തിളങ്ങി! 71 മെഡലുകളോടെ, ഞങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടം ഞങ്ങൾ ആഘോഷിക്കുകയാണ്. ഇത് രാജ്യത്തെ അത്‌ലറ്റുകളുടെ സമാനതകളില്ലാത്ത സമർപ്പണത്തിന്റെയും ധീരതയുടെയും കായിക മനോഭാവത്തിന്റെയും തെളിവാണ്. കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും ജീവിത യാത്രയാണ് ഓരോ മെഡലും ഉയർത്തിക്കാട്ടുന്നത്. രാജ്യത്തിനാകെ അഭിമാന നിമിഷം. ഞങ്ങളുടെ കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ’- എന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. നിലവിൽ 16 സ്വർണം, 27 വെള്ളി, 31 വെങ്കലം എന്നിങ്ങനെ 74 മെഡലുകളോടെ മുന്നേറുകയാണ് ഭാരതം.
Discussion about this post