ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സിക്കിമില്‍ മരിച്ചവരുടെ എണ്ണം 57 ആയി. ഏഴ് സൈനികരും മരിച്ചവരില്‍പെടുന്നു. പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീതീരത്താണ് 27 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 140-ലധികം ആളുകളെ പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അവലോകനത്തിനായി ഉന്നതതല യോഗം ചേര്‍ന്നു.
ചുങ്താങ്ങിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര ശ്രദ്ധ നല്‍കും. അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നാഗയില്‍ നിന്ന് തൂങ്ങിലേക്കുള്ള റോഡ് നിര്‍മ്മിക്കാനും തീരുമാനമായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കും. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അടുത്ത അഞ്ച് ദിവസങ്ങളില്‍ മംഗന്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനിയും ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികളുടെ രക്ഷപെടുത്തല്‍ കരുതലോടെയാകുമെന്ന് സൈനിക വക്താവ് പറഞ്ഞു.ലാച്ചന്‍, ലാചുങ് താഴ്വരകളിലെ പ്രതികൂല കാലാവസ്ഥ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനത്തെ ഇന്നലെ കുറേനേരം തടസപ്പെടുത്തി.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 1,200 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. 13 പാലങ്ങള്‍ തകര്‍ന്നു. 6,875 പേര്‍ 22 ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അതിനിടെദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം രൂപീകരിച്ചു.
Discussion about this post