ഭാഗ്യനഗര്‍(ഹൈദരാബാദ്): ഗോത്രജനതയുടെ അസ്മിതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സമ്മക്കയുടെയും സാരക്കയുടെയും സ്മരണയില്‍ തെലങ്കാനയ്ക്ക് ആദ്യ ഗോത്ര സര്‍വകലാശാല അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ തീരുമാനം ഗോത്രജനതയുടെ ആത്മാഭിമാനം ഉണര്‍ത്തുന്നതാണെന്ന് ഭാഗ്യനഗറില്‍ ചേര്‍ന്ന വനവാസി കല്യാണ്‍ ആശ്രമം ദേശീയ ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. ഒക്‌ടോബര്‍ നാലിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്കിയത്. സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തിന്റെ നാടായ തെലങ്കാനയിലെ മുലുഗു ജില്ലയില്‍ 889 കോടി രൂപ ചെലവില്‍ ഇത് നിലവില്‍ വരും.
വനവാസി സമൂഹം നേരിട്ട അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തില്‍ ബലിദാനം വരിച്ച ധീരനായികയാണ് സമ്മക്കയുടെ മകള്‍ സാരക്ക. സാരക്കയുടെ മരണത്തെത്തുടര്‍ന്ന് മലനിരകളില്‍ അപ്രത്യക്ഷയായ സമ്മക്ക വനദേവതയായി മാറിയെന്ന് കരുതുന്നവരാണ് മുലുഗുവിലെ ഗോത്രവര്‍ഗ ജനത. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തെലങ്കാനയിലെ ആദ്യ ഗോത്രവര്‍ഗ സര്‍വകലാശാലയ്ക്ക് ഇതിഹാസ നായികമാരായ അമ്മയുടെയും മകളുടെയും പേര് നല്കുമെന്ന് പ്രഖ്യാപിച്ചത്.
സര്‍വകലാശാല തെലങ്കാനയിലെ ഗോത്രവര്‍ഗ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ഗോത്രകലയില്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ വളര്‍ത്താന്‍ വഴിയൊരുക്കുമെന്ന് വനവാസി കല്യാണാശ്രമം ചൂണ്ടിക്കാട്ടി. സംസ്‌കാരികവും പരമ്പരാഗതവുമായ വിജ്ഞാനധാരയിലൂടെ പുതുതലമുറയെ നയിക്കാനുള്ള സര്‍ക്കാര്‍ നീക്കം ശ്ലാഘനീയമാണ്, യോഗം അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവുത്തില്‍ ‘ശിവശക്തി’ പിറന്നത് അഭിമാനകരമായ നേട്ടമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞസമൂഹത്തില്‍ ഝാര്‍ഖണ്ഡിലെ വനവാസി കല്യാണ്‍ ആശ്രമം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി രോഹന്‍ യാദവിന്റെ സാന്നിധ്യവും അഭിമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
Discussion about this post