പ്രയാഗ്‌രാജ്: ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം അധിനിവേശത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കി ഭാരതീയ വ്യോമസേന അതിന്റെ പുതിയ പതാകയ്ക്ക് രാജകീയ പ്രകാശനം ഒരുക്കി. തൊണ്ണൂറ്റൊന്നാമത് വ്യോമസേനാദിനാചരണത്തിന്റെ ഭാഗമായി പവിത്രനഗരമായ പ്രയാഗ് രാജില്‍ പുതിയ പതാക എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയാണ് പ്രകാശനം ചെയ്തത്. വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാനദിനമാണിതെന്ന് സേനയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് ദല്‍ഹിക്ക് പുറത്ത് വ്യോമസേനാദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചണ്ഡിഗഢിലായിരുന്നു ആഘോഷങ്ങള്‍ഭാരതീയ വ്യോമസേനയുടെ മൂല്യങ്ങള്‍ ശരിയാംവിധം പ്രതിഫലിപ്പിക്കുന്നതിനാണ് പുതിയ പതാക രൂപകല്പന ചെയ്തതെന്ന് ഐഎഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പതാകയുടെ മുകളില്‍ വലത് കോണില്‍ എയര്‍ഫോഴ്സ് ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവനാഗരിയില്‍ സത്യമേവ ജയതേ എന്ന് ആലേഖനം ചെയ്ത അശോകസ്തംഭം ഉള്‍പ്പെടുന്നതാണിത്. സിംഹരാജന്മാര്‍ ഗര്‍ജിക്കുന്ന അശോകസ്തംഭത്തിന് താഴെ ചിറകുകള്‍ വിരിച്ച ഒരു ഹിമാലയന്‍ ഗരുഢന്‍ ഐഎഎഫിന്റെ പോരാട്ട വീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇളം നീല നിറത്തിലുള്ള ഒരു മോതിരം ഗരുഢനെ വലയം ചെയ്ത് ‘ഭാരതീയ വായു സേന’ എന്ന് എഴുതിയിരിക്കുന്നു. താഴെയായി വ്യോമസേനയുടെ മുദ്രാവാക്യമായ നഭഃസ്പൃശം ദീപ്തം എന്ന് ദേവനാഗരിയില്‍ കുറിച്ചിട്ടുണ്ട്. ഭഗവത്ഗീതയുടെ പതിനൊന്നാം അധ്യായത്തില്‍ ഇരുപത്തിനാലാം ശ്‌ളോകത്തില്‍ നിന്നാണ് ദീപ്തിയോടെ ആകാശം തൊടൂ എന്ന് അര്‍ത്ഥം വരുന്ന അടയാളവാക്യം എടുത്തിട്ടുള്ളത്.
യൂണിയന്‍ ജാക്കും ചുവപ്പ്, വെള്ള, നീല നിറത്തിലുള്ള യൂണിയന്‍ ജാക്ക് അടയാളപ്പെടുത്തിയ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പതാകയ്ക്ക് പകരമായാണ് 1950ല്‍ നിലവിലുണ്ടായിരുന്ന പതാക സ്വീകരിച്ചത്. യൂണിയന്‍ ജാക്കിന് പകരം ത്രിവര്‍ണപതാക ആലേഖനം ചെയ്തു എന്നത് മാത്രമാണ് വരുത്തിയ മാറ്റം. സേനയുടെ പേരില്‍ നിന്ന് റോയല്‍ എന്നത് ഒഴിവാക്കുകയും ചെയ്തു.ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് വി.ആര്‍ ചൗധരി തന്റെ വ്യോമസേനാദിന പ്രഭാഷണത്തില്‍ പറഞ്ഞു. ഇത് മാറ്റത്തിന്റെ കാലമാണ്. രാഷ്ട്രം ആഗ്രഹിക്കുന്ന മാറ്റം. അതിനായി നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം. വ്യോമസേനയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് കൈവരിക്കുന്നതിന് പ്രതിബദ്ധതയും കൂട്ടായ ശേഷിയും ഉപയോഗിക്കാം, അദ്ദേഹം പറഞ്ഞു.
Discussion about this post