ന്യൂദല്‍ഹി: കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ കാര്‍ഷികഭക്ഷ്യ സമ്പ്രദായങ്ങളും ഘടനാപരമായ അസമത്വവും തമ്മിലുള്ള ബന്ധം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. ഭക്ഷ്യ ഉല്‍പാദനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ ഉണ്ടാവണം. പലപ്പോഴും കര്‍ഷകര്‍ എന്ന നിലയില്‍ നിന്ന് കാര്‍ഷിക അധികാര മേഖലയിലെ അധികാര തലത്തിലേക്ക് എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം.
കാര്‍ഷികഭക്ഷ്യ സംവിധാനത്തിന് ഏറ്റവും പുറത്താണ് സ്ത്രീകളെന്നത് പ്രകടമാണ്. സ്ത്രീകള്‍ എല്ലായ്‌പ്പോഴും തൊഴിലാളി മാത്രമാകുന്നു. പലപ്പോഴും കൂലിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. സ്ത്രീകള്‍ ഭൂവുടമകളാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നും ആ തലത്തിലേക്ക് മാറ്റങ്ങള്‍ അനിവാര്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയിലെ ലിംഗ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുര്‍മു.
Discussion about this post