ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമാനിയില്‍ ഭാരത് സഞ്ചാര്‍ നിഗംലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) സഹായത്തോടെ ആര്‍മി സിഗ്‌നല്‍ റെജിമെന്റ് സൈനികര്‍ ആദ്യ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്. പടിഞ്ഞാറന്‍ ലഡാക്കില്‍ 15,500 അടി ഉയരത്തിലാണ് ടവര്‍.
സിയാച്ചിന്‍ ഗ്ലേസിയറില്‍ ടവര്‍ വരുന്നതോടെ സൈനികര്‍ക്ക് കുടുംബങ്ങളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ലഭിക്കും. ഇവര്‍ക്ക് 4ജി ഇന്റര്‍നെറ്റ് സൗകര്യവും കിട്ടും. ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മേഖലയില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.
ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) സമീപം സ്ഥിതി ചെയ്യുന്ന യുര്‍ഗോ ഗ്രാമത്തിലും എയര്‍ടെല്‍ ടവര്‍ സ്ഥാപിച്ചു. നേരത്തെ, ഈ പ്രദേശത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍, കിഴക്കന്‍ ലഡാക്കിലെ വിദൂര പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ആശയവിനിമയ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പുതിയ സംവിധാനത്തോടെ അതിര്‍ത്തി സുരക്ഷയിലും ഐടിബിപിയിലും വിന്യസിച്ച സൈനികര്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനുള്ള തടസങ്ങളാണ് നീങ്ങുന്നത്.
നിലവില്‍ ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ പുരോഗമിക്കുന്നുണ്ട്. മൊബൈല്‍ കമ്പനികള്‍ സേവനങ്ങള്‍ വിദൂര മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ഭരണകൂടവും ശ്രമിക്കുന്നു.
കാരക്കോറം പര്‍വതനിരയിലെ ഏറ്റവും നീളം കൂടിയ ഹിമാനിയാണ് സിയാച്ചിന്‍ ഗ്ലേസിയറുകള്‍. 75 കിലോമീറ്ററാണ് നീളം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് ഭാരത-പാക് നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള സിയാച്ചിന്‍ ഗ്ലേസിയര്‍. 1984ല്‍, പാകിസ്ഥാന്‍ സൈന്യം ഈ പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ഭാരതം ഈ പ്രദേശത്ത് സ്ഥിരം സൈനിക വിന്യാസമുറപ്പാക്കിയിട്ടുണ്ട്.
Discussion about this post