ചൈബാസ(ഝാര്‍ഖണ്ഡ്): ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ കൂട്ടാളിയെ ഉപേക്ഷിച്ച് നേതാക്കളടക്കമുള്ള മാവോ ഭീകരര്‍ മുങ്ങി. പരിക്കേറ്റ മാവോയിസ്റ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോളിലെടുത്ത് നടന്നത് അഞ്ച് കിലോമീറ്റര്‍. വനത്തിന് പുറത്ത് എത്തിച്ച് ഹെലികോപ്റ്ററില്‍ റാഞ്ചിയിലെത്തിച്ച് അയാളുടെ ജീവന്‍ രക്ഷിച്ചു.
ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ വനത്തിലൂടെയാണ് സൈനികര്‍ ഈ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഉന്നത മാവോയിസ്റ്റ് നേതാവ് മിസിര്‍ ബെസ്ര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനല്‍, അസിം മണ്ഡല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോല്‍ഹാനിലെ വനപ്രദേശം ഒളിത്താവളമാക്കി ഭീകരപ്രവര്‍ത്തനം നടത്തിയത്. 13ന് കോല്‍ഹാനിലെ ഹുസിപി വനത്തില്‍ പതിയിരുന്ന മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് രണ്ട് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്നത്. സൈനിക നടപടിയെത്തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. ഇന്നലെ പ്രദേശത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു മാവോയിസ്റ്റിനെ കണ്ടെത്തിയത്. തുടര്‍ന്നാണ് സൈനികര്‍ ഇയാളെ തോളിലേറ്റി ഹുസ്പി ഗ്രാമത്തില്‍ എത്തിച്ചു. കുഴിബോംബുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന കാട്ടിലൂടെ ജീവന്‍ പണയം വച്ചാണ് സൈനികര്‍ ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
കോല്‍ഹാനിലെ വനമേഖലയില്‍ 2022 നവംബര്‍ മുതല്‍ മാവോയിസ്റ്റ് ഭീകരര്‍ വധിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥരെയാണ്. 28 സൈനികര്‍ക്ക്് പരിക്കേറ്റു. മൈന്‍ സ്‌ഫോടനത്തില്‍ ഈ കാലയളവില്‍ 16 ഗ്രാമീണരും കൊല്ലപ്പെട്ടു.
Discussion about this post