ന്യൂദൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും റെയിൽവേ ഗതാഗത സൗകര്യം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ദുല്ലബ്ചെറ-ഗുവാഹത്തി പ്രതിവാര ട്രെയിൻ, അഗർത്തല-സാബ്രൂം ഡെമു ട്രെയിൻ എന്നിവ ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തി-സെക്കന്ദരാബാദ് എക്സ്പ്രസ് ആസാമിലെ സിൽച്ചാർ വരെയും കാമാഖ്യ-ലോക്മാന്യ തിലക് എക്സ്പ്രസ് ത്രിപുരയിലെ അഗർത്തല വരെയും നീട്ടി. ജമ്മു കശ്മീരിലെ ബുദ്ഗാം-ബനിഹാൽ ട്രെയിനിലെ പുതിയ വിസ്റ്റാഡോം കോച്ചും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ കോൺഫറൻസിലൂടെ ഫ്ളാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ത്രിപുര മുഖ്യമന്ത്രി പ്രൊഫ. മണിക് സാഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒമ്പത് വർഷത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ജമ്മു കശ്മീരും വളരെയധികം മാറിയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ മേഖലയിൽ 60 തവണ സന്ദർശിച്ചിട്ടുണ്ട്. മുൻപുള്ള പ്രധാനമന്ത്രിമാരൊന്നും ഇത്തരത്തിൽ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ജി 20 യോഗങ്ങൾക്കെത്തിയ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികൾ ജമ്മു കശ്മീരിലെ അന്തരീക്ഷവും വികസനവും കണ്ട് അത്ഭുതപ്പെട്ടു. വടക്കു കിഴക്കൻ, ജമ്മു കശ്മീർ മേഖലയിൽ റെയിൽവേയിലും വിവിധ വികസന പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടി റെയിൽവേ വാർഷിക ബജറ്റിൽ നീക്കി വച്ചത് 10,269 കോടിയാണ്. നേരത്തെ ഇത് 2122 കോടി രൂപയായിരുന്നു.
ഈ മേഖലയിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ആലോചനയിലുണ്ട്. ജമ്മു കശ്മീരിൽ, ചെനാബ് പാലം, ആഞ്ചി പാലം എന്നിവയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി, ചില ഭാഗങ്ങളിൽ ഒഴികെ തുരങ്കങ്ങൾ പൂർത്തിയായി. ബുദ്ഗാം-ബനിഹാൽ ട്രെയിനിൽ വിസ്റ്റാഡോം കോച്ച് ആരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.
Discussion about this post