ന്യൂഡല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് 28ന് ശനിയാഴ്ച രാവിലെ മയൂര്‍ വിഹാര്‍ ഫേസ് 3ലെ എ1 പാര്‍ക്കില്‍ തിരി തെളിയും. 29നാണ് പൊങ്കാല.
ചടങ്ങുകള്‍ക്ക് ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. സ്ഥല ശുദ്ധി, ഗണപതി ഹോമം, ദീപാരാധന, ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിയാണ് ആദ്യ ദിവസമായ ശനിയാഴ്ചത്തെ ചടങ്ങുകള്‍.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍ അരങ്ങേറും. ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനം, രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണം, 2022-23 അധ്യയന വര്‍ഷത്തില്‍ സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ 3 വിദ്യാര്‍ത്ഥികള്‍ക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണം എന്നിവക്ക് ശേഷം ചക്കുളത്തു കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന നടക്കും.
തുടര്‍ന്ന് ശ്രീകോവിലില്‍നിന്നും കൊളുത്തുന്ന ദിവ്യാഗ്‌നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ ഭക്തജനങ്ങള്‍ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകരുമ്പോള്‍ പൊങ്കാലക്ക് ആരംഭമാവും. ബിജു ചെങ്ങന്നൂര്‍ നയിക്കുന്ന നാദ തരംഗിണി ഓര്‍ക്കസ്ട്രാ, അവതരിപ്പിക്കുന്ന ഭക്തി ഗാന തരംഗിണി ക്ഷേത്രാങ്കണവും പരിസരവും ഭക്തിസാന്ദ്രമാക്കും.
തിളച്ചു തൂവിയ പൊങ്കാലക്കളങ്ങളില്‍ തിരുമേനിമാര്‍ തീര്‍ത്ഥം തളിക്കും. വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ, പറയിടല്‍ എന്നിവയും ഉണ്ടാവും. തുടര്‍ന്ന് അന്നദാനത്തോടെ ചടങ്ങുകള്‍ക്ക് സമാപനമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Discussion about this post