ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറുമെന്ന് ശിൽപികൾ വ്യക്തമാക്കി.
മൂന്ന് സംഘങ്ങളാണ് രാലല്ലയുടെ നിർമ്മാണത്തിന് പിന്നിൽ. കറുത്ത കല്ലിൽ നിർമ്മിച്ച വിഗ്രഹം ലോകത്തിലെ ഏറ്റവും വലുപ്പമേറിയതും മനോഹരവുമായ ശ്രീരാമ വിഗ്രഹമായിരിക്കും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാകും രാംലല്ല വിഗ്രഹമെന്ന് ശിൽപികളിലൊരാളായ വിപിൻ ബദൗരിയ വ്യക്തമാക്കി.
മൂന്ന് തരം കല്ലുകൾ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ഏറ്റവും മികച്ചത് ഗർഭഗൃഹത്തിലും ബാക്കിയുള്ളവ മറ്റൊരു ക്ഷേത്രത്തിലും സ്ഥാപിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കർണാടകയിലെ കാർക്കള രേഖാചിത്രം അടിസ്ഥാനമാക്കിയാണ് വിഗ്രഹം നിർമ്മിക്കുന്നത്. മൂന്ന് ശിൽപ്പികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശില്ഡപ നിർമ്മാണത്തിലേർപ്പെട്ടത്. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ച് വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഇവർ വിഗ്രഹ നിർമ്മാണം നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഒരു കൈയിൽ വില്ലും മറുകയ്യിൽ അമ്പുമേന്തി താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ ശ്രീരാമനാണ് രാംലല്ല വിഗ്രഹം. 51 ഇഞ്ച് ഉയരമുള്ള പ്രതിമയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
Discussion about this post