ന്യൂദല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെയും കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അങ്ങേയറ്റം പ്രാധാന്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഉറപ്പുനല്കി. നിയമപോരാട്ടത്തില്‍ കുടുംബാംഗങ്ങള്‍ ഒറ്റയ്ക്കാവില്ല. എല്ലാവരെയും കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. വധശിക്ഷയ്ക്ക് വിധിച്ചവരുടെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും തുടരും, വിദേശകാര്യ മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു. കുടുംബങ്ങളുടെ ആശങ്കകളിലും വേദനകളിലും പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പങ്കാളികളാകും. അവരുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും തുടരും, ജയശങ്കര്‍ എഴുതി.
ഖത്തര്‍ കോടതി 26നാണ് നാവികസേനയില്‍ മുമ്പ് ജോലി ചെയ്തിരുന്ന എട്ട് ഭാരതീയര്‍ക്ക് വധശിക്ഷ വിധിച്ചത്. 2022 ആഗസ്തിലാണ് അപ്രഖ്യാപിത കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ എല്ലാവരും ദഹ്റ ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
ഖത്തര്‍ കോടതിവിധിയെ എതിര്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമപരമായ എല്ലാ വഴികളും തേടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Discussion about this post