ന്യൂദല്‍ഹി: നമ്മള്‍ എന്ന വാക്ക് ലോകത്തെ ഒന്നിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും ചിന്തകനുമായ ഡോ.മുരളീ മനോഹര്‍ ജോഷി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ലേഖന സമാഹാരം വി ആന്‍ഡ് ദി വേള്‍ഡ് എറൗണ്ട് ദല്‍ഹി അംബേഡ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ‘വി’ എന്ന പുസ്തകത്തിലൂടെ നമ്മള്‍ എന്ന പദത്തിന്റെ സമഗ്രത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകത്തിന് സമനില തെറ്റിയത് ‘ഞാനും ഞങ്ങളും’ പ്രബലമായതുകൊണ്ടാണ്. നമുക്ക് ചുറ്റുമുള്ള ലോകം സംഘര്‍ഷഭരിതമാണ്. യുദ്ധഭീതിയാണ് എവിടെയും. ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭ സ്വന്തം ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു, മുരളീമനോഹര്‍ ജോഷി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി, മതഭ്രാന്ത്, ഭീകരത തുടങ്ങി ലോകത്തെ വിഭജിക്കുന്ന ഘടകങ്ങള്‍ പലതാണ്. അമേരിക്ക നിലവില്‍ വന്നിട്ട് 400-500 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അമേരിക്കയുടെ അസ്മിത എന്നത് കമ്പനികളുടെ ഒരു ഗ്രൂപ്പ് എന്നത് മാത്രമാണ്. അത് പിന്നീട് ഒരു രാജ്യമായി. ആരാണ് അമേരിക്കക്കാരെന്നതിന് ഉത്തരമില്ല. വെള്ളക്കാരും ആംഗ്ലോ-സാക്‌സണ്‍മാരും അമേരിക്കക്കാരാണെന്ന് അവര്‍ പറയുന്നു. അവരാണ് ലോകത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പ്രസംഗിക്കുന്നത്. യൂറോപ്പില്‍, രാഷ്ട്രം എന്ന ഒന്നുമില്ല. രാജ്യം കൃത്രിമമാണ്, എപ്പോള്‍ വേണമെങ്കിലും മാറാം. പലസ്തീന്‍-ഇസ്രായേല്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ ഇതിന്റെ ഫലമാണ്. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ് ഈ രാജ്യങ്ങള്‍ നിലവില്‍ വന്നത്. അവര്‍ക്ക് ഇപ്പോഴും അവരുടെ ഐഡന്റിറ്റി അറിയില്ല. എന്നാല്‍ ഭാരതത്തില്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ഇതെല്ലാം പരിഹരിച്ചു. നമുക്ക് കൃത്യമായ സംവിധാനമുണ്ട്, ഡോ. ജോഷി പറഞ്ഞു.എഴുതാനുള്ള പ്രേരണ പലതാണെന്ന് ഗ്രന്ഥകാരനായ ഡോ. മന്‍മോഹന്‍വൈദ്യ പറഞ്ഞു. 2018 ജൂണില്‍, മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജിയെ നാഗ്പൂരില്‍ സംഘ ശിക്ഷാ വര്‍ഗിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനാണ് അല്ലാതെ ആര്‍എസ്എസില്‍ ചേരാനല്ല അദ്ദേഹം എത്തിയത്. എന്നാല്‍ ചിലര്‍ അനാവശ്യമായി എതിര്‍ത്തു. വിവാദമുണ്ടാക്കി. ലിബറലുകള്‍ എന്ന് സ്വയം വിളിക്കുന്നവരുടെ അസഹിഷ്ണുതയാണ് അതിന് പിന്നില്‍. ആര്‍എസ്എസിനെ പുറത്ത് നിന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഉള്ളിലെത്തിയാല്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പവുമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളോടുള്ള പ്രതികരണമാണ് പുസ്തകത്തിലെ ലേഖനങ്ങള്‍, അദ്ദേഹം പറഞ്ഞു. ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി, പ്രസാധകരായ വാണി പ്രകാശന്‍ ചെയര്‍മാന്‍ അരുണ്‍ മഹേശ്വരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അദിതി മഹേശ്വരി ഗോയല്‍, മാധ്യമപ്രവര്‍ത്തക പ്രജ്ഞാ തിവാരി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post