ന്യൂദല്‍ഹി: റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കിയ 47 ഇടനിലക്കാരെ എന്‍ഐഎയും ആസാം പോലീസും അറസ്റ്റ് ചെയ്തു. ത്രിപുരയില്‍ നിന്ന് 25, ആസാമില്‍ നിന്ന് അഞ്ച്, ബംഗാളില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ഒമ്പത്, തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് അറസ്റ്റിലായത്.
എന്‍ഐഎയും ആസാം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ച പരിശോധനയ്‌ക്കൊടുവില്‍ രാത്രി വൈകിയാണ് അറസ്റ്റുണ്ടായത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍, ത്രിപുരയില്‍ നിന്ന് വരുന്ന ട്രെയിനില്‍ ഒരു കൂട്ടം റോഹിങ്ക്യകളെ കരിംഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് കരിംഗഞ്ച് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വലിയ തോതില്‍ നുഴഞ്ഞുകയറ്റം നടക്കുന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് പരിശോധനയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം ആസാം പോലീസ് തേടിയത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമായി 450 അനധികൃത കുടിയേറ്റക്കാരെ നേരത്തെ ആസാം പോലീസ് കണ്ടെത്തി മടക്കി അയച്ചിരുന്നു.
അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇടനിലക്കാരുടെ പങ്ക് വ്യക്തമായത്. ഇതോടെ ഇടനിലക്കാരുടെ ശൃംഖല വേരോടെ പിഴുതെറിയാന്‍ പോലീസ് നീക്കം തുടങ്ങി. 2023 ജൂലൈയില്‍ ആസാം സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ച ഓപ്പറേഷനില്‍ 10 ഇടനിലക്കാരെ പിടികൂടി.
ഇടനിലക്കാരുടെ ശൃംഖല രാജ്യവ്യാപകമായി ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് കൈമാറാന്‍ ആസാം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
Discussion about this post