ലുധിയാന(പഞ്ചാബ്): മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും രാഷ്ട്രീയ സിഖ് സംഗത് പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സര്‍ദാര്‍ ചിരംജീവ് സിങ് അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ രാവിലെ 8.30ന് ലുധിയാനയിലെ ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് പട്യാലയില്‍.
വിദ്യാര്‍ത്ഥിയായിരിക്കെ 1948ലെ ആര്‍എസ്എസ് നിരോധനത്തെ എതിര്‍ത്ത് സത്യഗ്രഹം അനുഷ്ഠിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ടു. പട്യാലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചിരംജീവ് സിങ് വിദ്യാഭ്യാസത്തിന് ശേഷം 1953ല്‍ പ്രചാരകനായി. ജില്ലാ, വിഭാഗ്, സംഭാഗ് തലങ്ങളില്‍ പ്രചാരകായി പ്രവര്‍ത്തിച്ച അദ്ദേഹം 1984 മുതല്‍ 1990 വരെ വിശ്വഹിന്ദു പരിഷത്തിന്റെ പഞ്ചാബ് സംഘടനാ സെക്രട്ടറിയായിരുന്നു.
1982ല്‍ പഞ്ചാബിലെ വിഘടനവാദത്തിനെതിരെ പഞ്ചാബ് കല്യാണ്‍ ഫോറം എന്ന വേദി രൂപീകരിച്ചു. 1987ല്‍ സ്വാമി വാമദേവിന്റെയും സ്വാമി സത്യമിത്രാനന്ദയുടെയും നേതൃത്വത്തില്‍ ഹരിദ്വാറില്‍ നിന്ന് അമൃത്സര്‍ വരെ അറുന്നൂറ് സംന്യാസിമാരുമായി യാത്ര നടത്തി. അകാല്‍തഖ്ത് മേധാവി ദര്‍ശന്‍സിങ് സംന്യാസുമാരായി ചേര്‍ന്ന് ഹിന്ദു-സിഖ് ഏകതയുടെ സന്ദേശം പകര്‍ന്നു.
1986 നവംബറില്‍ ഗുരുനാനാക് ദേവിന്റെ ജയന്തി ദിനത്തില്‍ രാഷ്ട്രീയ സിഖ് സംഗതിന് രൂപം നല്കിയപ്പോള്‍ ചിരംജീവ് സിങ് അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കാനഡ, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തു. 1999ല്‍ പാട്‌നയില്‍ നടന്ന ഖല്‍സ് സിര്‍ജന്‍ യാത്ര, 2000ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന വിശ്വധര്‍മ്മ സമ്മേളനം എന്നിവ അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവുകളായി.
സാമാജിക സമരസതയുടെ പ്രചാരകന്‍: ആര്‍എസ്എസ്
നാഗ്പൂര്‍: ഖാലിസ്ഥാന്‍ വിഘടനവാദത്തിന്റെ ഭീഷണികളെ ചെറുത്ത് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിച്ച കര്‍മ്മയോഗിയാണ് സര്‍ദാര്‍ ചിരംജീവ് സിങ്ങെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. സംഘത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അത്. രാഷ്ട്രീയ സിഖ് സംഗത് പരിഷത്തിലൂടെ അദ്ദേഹം ഏകാത്മകതയുടെയും സമാജിക സമരസതയുടെയും സന്ദേശം പകര്‍ന്നു. പഞ്ചാബിലെ ഗുരുപരമ്പരയെക്കുറിച്ച് ദേശമാസകലം ആദരവ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പഠനത്തിനും കഠിന പരിശ്രമത്തിനും കഴിഞ്ഞു. പ്രതിസന്ധികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുക മാത്രമല്ല, അതിനായി മുന്നില്‍ നടക്കുകയും ചെയ്ത ഉജ്ജ്വല സംഘാടകനായിരുന്നു ചിരംജീവ് സിങ് എന്ന് അനുസ്മരണസന്ദേശം ചൂണ്ടിക്കാട്ടി.
Discussion about this post