ഡൽഹി: എബിവിപി 2023-24 വർഷത്തെ ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി വീണ്ടും ഡോ.രാജ്ശരൺ ഷാഹിയേയും യാജ്ഞവല്‍ക്യ ശുക്ലയേയും തിരഞ്ഞെടുത്തു. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ നഗരിയിൽ നടക്കുന്ന എബിവിപിയുടെ 69-ാമത് ദേശീയ സമ്മേളനത്തിൽ അവർ ചുമതല ഏറ്റെടുക്കും.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ളയാളാണ് ഡോ.രാജ്ശരൺ ഷാഹി. പിഎച്ച്‌ഡി പൂർത്തിയാക്കിയ അദ്ദേഹം ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഉത്തർപ്രദേശിലെ ദേശീയ വിദ്യാഭ്യാസ നയ നിർവഹണ സമിതി ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സമിതികളിൽ അംഗമാണ് അദ്ദേഹം.
ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ നിന്നാണ് യാജ്ഞവല്‍ക്യ ശുക്ല. റാഞ്ചി സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഗർവായിലെ ശ്രീ ജഗ്ജിത് സിംഗ് നാംധാരി കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും റാഞ്ചി സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയന്റെ വൈസ് പ്രസിഡന്റുമായിരുന്നു. 2018-ൽ ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച ലങ്കയിലേക്കുള്ള ഇന്ത്യൻ യൂത്ത് ഡെലിഗേഷനെ പ്രതിനിധീകരിച്ചു. 2009 മുതൽ അദ്ദേഹം വിദ്യാർത്ഥി പരിഷത്തിന്റെ മുഴുവൻ സമയ പ്രവർത്തകനാണ്.
ഇന്ദ്രപ്രസ്ഥ നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും. സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമുഖരായ അദ്ധ്യാപകരും വിദ്യാർഥികളും ചർച്ചകൾ നടത്തി പ്രമേയങ്ങൾ അവതരിപ്പിക്കും. എബിവിപി യുടെ 75-ാം വാർഷികത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിനായി രാജ്യതലസ്ഥാനത്ത് മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post