ന്യൂദല്‍ഹി: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത്‌റാവു കേല്‍ക്കര്‍ യൂത്ത് അവാര്‍ഡിന് ദരിദ്രയുവാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്ന ബിഹാര്‍ സ്വദേശി ശരത് വിവേക്‌സാഗര്‍, മില്ലെറ്റ്‌സ് ക്യൂന്‍ മധ്യപ്രദേശിലെ ലഹ്രി ബായ് പാഡിയ, ദിവ്യാംഗക്ഷേമപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന രാജസ്ഥാനിലെ ഡോ. വൈഭവ് ഭണ്ഡാരി എന്നിവര്‍ അര്‍ഹരായി. 2023 ഡിസംബര്‍ 7 മുതല്‍ 10 വരെ ദല്‍ഹിയില്‍ നടക്കുന്ന എബിവിപി ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ബിഹാറിലെ ജീരദേയി എന്ന ഗ്രാമത്തില്‍ ജനിച്ച ശരത് വിവേക് സാഗര്‍ സ്ഥാപിച്ച ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ വഴി എഴുപത് ലക്ഷത്തോളം യുവാക്കളെയാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിച്ചത്. ഇതില്‍ 80 ശതമാനത്തിലധികം പേരും ദരിദ്രപശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്ന് അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ ദിന്‍ഡോരിയില്‍ നിന്നുള്ള ലഹ്രി ബായ് പാഡിയ തിനയുടെ പോഷക മൂല്യം കണ്ടെത്തി, അതിന്റെ വിത്തുകള്‍ സംരക്ഷിക്കുന്നതിലൂടെയാണ് ശ്രദ്ധേയ ആയത്. ബൈഗ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഇവര്‍ പോഷകസമൃദ്ധമായ 150 മില്ലറ്റുകളുടെ ഒരു വിത്ത് ബാങ്ക് സ്വന്തമാക്കി മില്ലറ്റ്‌സ് അംബാസഡര്‍ ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിലെ പാലി സ്വദേശിയായ ഡോ. വൈഭവ് ഭണ്ഡാരി വികലാംഗരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
Discussion about this post