ന്യൂദൽഹി: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നിർണായകമായ ആദ്യത്തെ ഒരു മണിക്കൂറുൾപ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്നറിയിച്ച് കേന്ദ്ര സർക്കാർ. പരിക്കേറ്റ് ചികിത്സ ലഭിക്കാതിരിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പുതിയ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് വരുന്ന നാല് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.
മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ സെക്ഷൻ 162 (1) പ്രകാരം വാഹനാപകടത്തിന് ശേഷമുള്ള ആദ്യ ഒരു മണിക്കൂർ പരിക്കേറ്റയാൾക്ക് അടിയന്തര-സൗജന്യ വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് ആവശ്യമായി വരുന്ന ചിലവ് ഓരോ സംസ്ഥാനങ്ങളിലെയും ജനറൽ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികളാകും വഹിക്കുക.
അപകടം സംഭവിച്ച് ആദ്യ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി 72 മണിക്കൂർ വരെ ചിലവാകുന്ന തുകയാണ് ഇത്തരത്തിൽ ജനറൽ ഇൻഷുറൻസ് കമ്പനികൾ വഹിക്കുക. ഇതിന് ആവശ്യമായ പദ്ധതിയുടെ രൂപരേഖ കേന്ദ്രസർക്കാർ തയാറാക്കണമെന്നും വാഹന ഭേദഗതി നിയമത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ നിയമം അടുത്ത വർഷം മാർച്ചിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ വ്യക്തമാക്കി.
Discussion about this post