കോര്‍ബ(ഛത്തീസ്ഗഡ്): മര്യാദ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതവും ദര്‍ശനവും ഭാരതത്തിന്റെ തനിമയുടെ അടയാളങ്ങളാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. കുടുംബം, സമാജം, രാഷ്ട്രം എന്നിവയില്‍ പൗരന്റെ കടമയെന്ത് എന്നതിന്റെ തെളിവുറ്റ ഉദാഹരണമാണ് രാമകഥ മുന്നോട്ടുവയ്ക്കുന്നത്. ധര്‍മ്മമാണ് സാമാജികജീവിതത്തിന്റെ ആധാരം. ഭഗവാന്‍ ശ്രീരാമന്‍ ധര്‍മ്മത്തിന്റെ മൂര്‍ത്തിയാണ്. ഓരോ വ്യക്തിയും അവരവരുടെ ജീവിതകാലത്തെ സമാജത്തിനും രാഷ്ട്രത്തിനും ഉപകരിക്കും വിധം മാറ്റിയെടുക്കണമെന്ന സന്ദേശമാണ് രാമകഥകള്‍ നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍ബ സരസ്വതി വിദ്യാലയത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരനാണ് എല്ലാ നല്കുന്നതെന്ന സങ്കല്പം നല്ലതാണ്. എന്നാല്‍ അത് കര്‍മ്മം ചെയ്യാതിരിക്കാനുള്ള ഉപായമാക്കരുത്. മഴയും വെയിലും ഈശ്വരദത്തമാണെന്ന് കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ അതുപയോഗിച്ച് കൃഷി ചെയ്യേണ്ടതും വിളവുണ്ടാക്കേണ്ടതും നമ്മളാണ്. ഈശ്വരനോടുള്ള പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നത് അതിന്റെ ഫലം നമ്മുടെ പ്രവര്‍ത്തിയില്‍ കാണുമ്പോഴാണ്, സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രത്തിന്റെ പുരോഗതി സര്‍ക്കാരുകളെയല്ല, ജനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അതിന് സഹായിക്കുന്ന ഒരു വ്യവസ്ഥ മാത്രമാണ്. എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും സഹിച്ചിട്ടും ജപ്പാനും ഇസ്രായേലും മുന്നേറിയത് നമുക്ക് പാഠമാണ്. ഇച്ഛാശക്തിയുള്ള ജനതയെ ആര്‍ക്കും തടയാന്‍ സാധ്യമല്ല എന്ന് ഈ രാജ്യങ്ങള്‍ നമ്മോട് പറഞ്ഞുതരും.
അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രത്തിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. അതേ കരുത്ത് സാമാജികമായ മുന്നേറ്റത്തിനും ഉപകരിക്കണം. ഭിന്നതകള്‍ ഒഴിവാക്കി രാഷ്ട്രം എന്ന നിലയില്‍ മുന്നേറുന്നതിന് ഓരോരുത്തരിലുമുള്ള കുറവുകള്‍ സ്വയം നീക്കേണ്ടതുണ്ട്. അത് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനമല്ല, സര്‍കാര്യവാഹ് പറഞ്ഞു.
Discussion about this post