ചെന്നൈ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പഥസഞ്ചലനത്തിനെ അന്യായമായി നിയന്ത്രിക്കില്ലെന്ന് തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
സ്വാതന്ത്ര്യദിനം, വിജയദശമി, അംബേദ്കറുടെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 33 ഇടങ്ങളിൽ പഥസഞ്ചലനം നടത്താൻ രാഷ്‌ട്രീയ സ്വയംസേവകസംഘം തീരുമാനിച്ചിരുന്നു. ഇതിനുള്ള അനുമതി തേടി ആർഎസ്എസ് നൽകിയ ഹർജി പൊലീസ് തള്ളി.
ഇതിനെതിരെ ആർഎസ്എസ് കാര്യകർത്താക്കൾ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നൽകാൻ ഉത്തരവിട്ടു. എന്നാൽ, പിന്നീട് തന്ത്രപൂർവ്വം പൊലീസ് അനുമതി നൽകിയില്ല. പൊലീസ് വകുപ്പിന്റെ ഈ ധാർഷ്ട്യത്തിനെതിരെ ആർഎസ്എസിനു വേണ്ടി കോടതിയലക്ഷ്യക്കേസുകൾ ഫയൽ ചെയ്തു.
തുടർന്ന് ആഭ്യന്തര സെക്രട്ടറി, ഡിജിപി, എന്നിവർ ഭാവിയിൽ ആർഎസ്എസ് പഥസഞ്ചലനങ്ങൾ അനുവദിക്കുന്നതിന് വ്യവസ്ഥകളോടെയുള്ള കരട് മാർഗരേഖ സമർപ്പിച്ചു. ആർഎസ്എസ് റൂട്ട് മാർച്ചുകൾക്ക് മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നെന്നും, അകാരണമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും സർക്കാർ അറിയിച്ചു. ഭാവിയിൽ ആർഎസ്എസ് റൂട്ട് മാർച്ച് അന്യായമായി തടയില്ലെന്നും ജസ്റ്റിസ് ജി ജയചന്ദ്രനു മുന്നിൽ സംസ്ഥാനം സമർപ്പിച്ച സത്യ വാങ്മൂലത്തിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലമാണ് സംസ്ഥാനം സമർപ്പിച്ചത് .
ഈ സത്യവാങ്‌മൂലത്തെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പി അമുദയ്‌ക്കും പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ശങ്കര് ജിവാളിനുമെതിരെ നൽകിയ കോടതിയലക്ഷ്യ കേസ് മദ്രാസ് ഹൈക്കോടതി അവസാനിപ്പിച്ചു.
Discussion about this post