ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശിവനഗരമായ കാശിയും തിളങ്ങും . കാശിയിലെ മുസ്ലീം സ്ത്രീകളാണ് അയോദ്ധ്യയിൽ നിന്ന് കാശിയിലേക്ക് രാമജ്യോതി കൊണ്ടുവരുക. ഹിന്ദു ഭവനങ്ങളിൽ മാത്രമല്ല, കാശിയിലെ മുസ്ലീം ഭവനങ്ങളിലും രാമജ്യോതിയുടെ ജ്വാല തെളിയും.
രാമക്ഷേത്രത്തിൽ നിന്ന് രാമജ്യോതി കൊണ്ടുവരുന്നതിന്റെ ചുമതല ശ്രീരാമ ഭക്തരായ ഡോ. നസ്‌നീൻ അൻസാരിയും ഡോ. നജ്മ പർവീനും ഏറ്റെടുക്കും. രാമജ്യോതിക്കൊപ്പം സരയുവിലെ മണ്ണും പുണ്യജലവും കൊണ്ടുവരും. മുസ്ലീം മഹിളാ മഞ്ച് ദേശീയ അധ്യക്ഷ ഡോ. നസ്‌നീൻ അൻസാരിയും ഭാരതീയ അവാം പാർട്ടിയുടെ ദേശീയ അധ്യക്ഷ ഡോ. നജ്മ പർവീനും, സംഘവും ഇന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ടു.
അയോദ്ധ്യയിലെ സാകേത് ഭൂഷൺ ശ്രീരാമപീഠം മേധാവി മഹന്ത് ഷമ്മു ദേവാചാര്യ ഡോ.നസ്‌നീൻ അൻസാരിക്ക് രാമജ്യോതി കൈമാറും . ഞായറാഴ്ച രാമജ്യോതിയുമായി നസ്‌നീൻ കാശിയിലെത്തും. കാശിയിൽ ഡോ. നൗഷാദ് അഹമ്മദ് ഉൾപ്പെടെ നിരവധി മുസ്ലീം കുടുംബങ്ങൾ രാമജ്യോതി സ്വീകരിക്കും. 150 മുസ്ലീങ്ങൾ കാശിയിൽ സ്വന്തം ഭവനങ്ങളിൽ ദീപം തെളിയിക്കും.
2006-ൽ സങ്കട് മോചന് ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് കാശിയിൽ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും 70 മുസ്ലീം സ്ത്രീകൾക്കൊപ്പം സങ്കട് മോചന് ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും ചെയ്തവരാണ് നസ്‌നീനും നജ്മയും.
Discussion about this post