അയോദ്ധ്യ: ഗുജറാത്തില്‍ നിന്ന് എത്തിച്ച 108 അടി നീളമുള്ള അഗര്‍ബത്തി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് മഹാരാജിന്റെ സാന്നിധ്യത്തില്‍ കത്തിച്ചു. ജനുവരി 22 ന് രാം ലല്ല പ്രതിമയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനായി ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് എത്തിച്ച 108 അടി നീളമുള്ള കൂറ്റന്‍ അഗര്‍ബത്തിയാണ് ഇന്ന് അഗ്നി പകര്‍ന്നത്.
3,610 കിലോഗ്രാം ഭാരമുള്ള അഗര്‍ബത്തിക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. യാത്ര ആഗ്രയില്‍ പ്രവേശിച്ചയുടനെ, നൂറുകണക്കിന് ആളുകള്‍ അത് കാണാനായി ഹൈവേയില്‍ എത്തുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
ഗുജറാത്തിലെ വഡോദര നിവാസിയായ ഗോപാലക് വിഹാ ഭായി ഭാര്‍വാദ് നിര്‍മ്മിച്ച ഈ 3.5 അടി വീതിയുള്ള അഗര്‍ബത്തി പരിസ്ഥിതി സൗഹൃദമാണ്. ആറുമാസമെടുത്ത ഇതിന്റെ തയാറാക്കലില്‍ വിവിധതരം ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അഗര്‍ബത്തി ഏകദേശം ഒന്നര മാസത്തോളം തുടര്‍ച്ചയായി കത്തുമെന്നും. കിലോമീറ്ററുകളോളം ഇതിന്റെ സുഗന്ധം പരത്തുമെന്നും ഗോപാലക് പറഞ്ഞു.
Discussion about this post