പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചു.’ജയ് ശ്രീറാം’ വിളികളുടെ അകമ്പടിയോടെയായിരുന്നു വിഗ്രഹം ഗർഭഗൃഹത്തിലേക്ക് ആനയിച്ചത്.
കർണാടക മൈസൂരു സ്വദേശിയും പ്രമുഖ ശിൽപിയുമായ അരുൺ യോഗിരാജ് കരിങ്കലിൽ കൊത്തിയെടുത്ത 200 കിലോയോളം ഭാരം വരുന്ന വിഗ്രഹം ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അയോദ്ധ്യയിലെത്തിച്ചത്. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ട്രക്കിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വിഗ്രഹം ഉയർത്തിയത്. ഹനുമാൻഗർഹി ക്ഷേത്രത്തിലും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഘോഷയാത്രയെ സ്വീകരിച്ചു. വിഗ്രഹം അകത്തേക്ക് കയറ്റും മുൻപ് ശ്രീകോവിലിൽ പ്രത്യേക പൂജയും നടന്നിരുന്നു.
പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുൻപായി നടത്തുന്ന സപ്താഹ ചടങ്ങുകളുടെ രണ്ടാം ദിനമായ ഇന്നലെയാണ് വിഗ്രഹം ആദ്യമായി ക്ഷേത്രത്തിനുള്ളിൽ എത്തിച്ചത്. ഇന്നലെ കലശപൂജയും നടന്നിരുന്നു. പനിനീർ പുഷ്പങ്ങളും ജമന്തിപ്പൂക്കളും കൊണ്ട് അലങ്കരിച്ച രാം ലല്ലയുടെ പ്രതീകാത്മക വിഗ്രഹം വഹിച്ച് കൊണ്ടുള്ള പര്യടനവും ഇന്നലെ നടന്നു.
Discussion about this post