ന്യൂദല്‍ഹി : അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കായി ലോകത്തിലെ ഏറ്റവും വലിയ ലോക്കും, ലഡ്ഡുവും. അലീഗഡ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് അയോധ്യയിലേക്ക് ഇവയെത്തിച്ചത്.
തന്റെ ബിസിനസ് വളര്‍ച്ചയ്‌ക്ക് കാരണം ഭഗവാന്റെ അനുഗ്രഹമാണെന്നും അതിനോടുള്ള നന്ദി സൂചനകമായാണ് അയോദ്ധ്യ ചടങ്ങിലേക്കായി മധുരം നല്‍കുന്നതെന്ന് ശ്രീ റാം കാറ്ററിങ് സര്‍വീസ് ഉടമയായ നാഗഭൂഷണം റെഡ്ഡി അറിയിച്ചു. 1,265 കിലോഗ്രാം ലഡ്ഡുവാണ് അയോദ്ധ്യയിലേക്ക് എത്തിച്ചത്. 25 പേരുടെ മൂന്ന് ദിവസത്തെ അധ്വാനമാണ് അത്രയും ലഡ്ഡു. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം പ്രതിദിനം ഒരോ കിലോ ലഡ്ഡുവീതം സമര്‍പ്പിക്കുന്നതാണെന്നും റെഡ്ഡി പറഞ്ഞു.
അലീഗഡില്‍ നിന്നാണ് ലോക്ക് അയോദ്ധ്യയിലെത്തിയത്. നൗരംഗാബാദ് സ്വദേശികളായ സത്യപ്രകാശ് ശര്‍മ്മയും ഭാര്യ രുക്മിണി ശര്‍മയും ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് പണിയാന്‍ ആരംഭിച്ചതാണ് ഈ താഴ്. ലോകത്തിലെ ഏറ്റവും വലിയ ഈ താഴിന് 400 കിലോ ഭാരമുണ്ട്. അയോദ്ധ്യ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനു വേണ്ടി ഇരുവരും പണിയാന്‍ ആരംഭിച്ചത്. ഇത് പൂര്‍ത്തിയാകുന്നതിന് മുമ്പ് സത്യപ്രകാശ് മരണപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കുന്നതിനായി മഹാമണ്ഡലേശ്വര്‍ അന്നപൂര്‍ണാ ഭാരതി പുരി എന്നയാള്‍ മുന്നോട്ട് വരികയായിരുന്നു.
‘സത്യപ്രകാശിന്റെ മരണശേഷം രാവും പകലും പണിയെടുത്താണ് 400 കിലോഗ്രാം ഭാരമുള്ള താഴിന്റെ പണി പൂര്‍ത്തിയാക്കിയത്. രാമന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്ന ഈ താഴ് അലിഗഡിലെ താഴ് നിര്‍മാണ മേഖലയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരും, താഴ് നിര്‍മാണ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തുമെന്നും മഹാമണ്ഡലേശ്വര്‍ പറഞ്ഞു. താഴുകളുടെ നഗരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അലിഗഡിനെ വിശേഷിപ്പിച്ചിട്ടുമുണ്ട്.
Discussion about this post