പൂനെ: രാഷ്ട്രത്തെയും സമാജത്തെയും ശക്തമാക്കുന്നതാകണം മാധ്യമപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. തെറ്റുകള്‍ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ അര്‍ത്ഥമറിഞ്ഞ് വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീമദ് ഭഗവദ്ഗീതയും പത്രപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ഗീതാ ധര്‍മ്മ മണ്ഡലും വിശ്വ സംവാദ് കേന്ദ്രവും ഏകതാ മാസിക് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.
വൈവിധ്യങ്ങളിലെ ഏകത്വമാണ് രാഷ്ടത്തെ നയിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന പ്രവര്‍ത്തനം മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഗീത ഉയര്‍ത്തുന്നത് ദേശീയയുടെ സന്ദേശം തന്നെയാണ്. അത് നമ്മുടെ സംസ്‌കൃതിയുടെ പ്രഖ്യാപനമാണ്. ഗീത സംഭാഷണത്തിലൂടെയാണ് ഉരുത്തിരിയുന്നത്. അതിന്റെ ലക്ഷ്യമാകട്ടെ ധര്‍മ്മസംസ്ഥാപനത്തിനുള്ള കര്‍മ്മനിയോഗമാണ്. ഇതുതന്നെയാണ് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓരോ വാക്കും എവിടെയൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നതിന് ഗീത നല്ലൊരു പാഠപുസ്തകമാണ്. ഫലപ്രദമായ ആശയവിനിമയത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഗീത മുന്നോട്ടുവയ്ക്കുന്നത്, സഹസര്‍കാര്യവാഹ് പറഞ്ഞു.
ഗീതാ ധര്‍മ്മ മണ്ഡലം പ്രസിഡന്റ് ഡോ. മുകുന്ദ് ദാതാര്‍, പൂനെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയിലെ തത്വശാസ്ത്ര വിഭാഗം മേധാവി ഡോ.വിശ്രം ധോലെ, സകാല്‍ മീഡിയ ഗ്രൂപ്പ് എഡിറ്റര്‍ സാമ്രാട്ട് ഫഡ്നിസ്, ഏകതാ മാസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് രവീന്ദ്ര ഘട്പാണ്ഡെ, പൂനെ വിശ്വ സംവാദം കേന്ദ്രം മുന്‍ പ്രസിഡന്റ് മനോഹര്‍ കുല്‍ക്കര്‍ണി എന്നിവര്‍ സംസാരിച്ചു.
Discussion about this post