ധമന്‍ഗാവ്(മഹാരാഷ്ട്ര): സമാജത്തെ വിശുദ്ധമൂല്യങ്ങള്‍ കൊണ്ട് സംസ്‌കരിക്കുക എന്ന ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസാകാരവും രാജ്യസ്‌നേഹവും എല്ലാവരിലുമുണര്‍ത്തുക എന്ന ഉത്തരവാദിത്തം ആര്‍എസ്എസ് മാത്രം നിര്‍വഹിക്കേണ്ടുന്ന ഒന്നല്ല. അതില്‍ സമൂഹത്തിനും ചുമതലയുണ്ട്. നമ്മള്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, രാഷ്ട്രം അനശ്വരചൈതന്യത്തോടെ നിലനില്‍ക്കണം എന്നതാണ് ആശയം. മുഴുവന്‍ സമൂഹവും ഈ ദിശയില്‍ മുന്നോട്ടുവരണം. രാഷ്ട്രത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ആര്‍എസ്എസിന്റെ പേര് എഴുതിച്ചേര്‍ത്തില്ലെങ്കിലും പ്രശ്‌നമില്ല, രാഷ്ട്രം മുന്നോട്ടുപോകണം. സംഘത്തിന്റെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ സമാജം രാജ്യസ്‌നഹനിര്‍ഭരമാകണം, അദ്ദേഹം പറഞ്ഞു. ധമന്‍ഗാവില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച നവോത്ഥാന്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുന്നതിനാണ് ഡോ. അംബേദ്കര്‍ ഇത്തരമൊരു ഭരണഘടന നമുക്ക് നല്‍കിയത്. ഭാരതാംബയുടെ മക്കളെന്ന നിലയില്‍, ഈ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയില്‍ ഈ ഭരണഘടനയെ മുന്‍നിര്‍ത്തി നാം പ്രവര്‍ത്തിക്കണം. സമൂഹത്തില്‍ നിന്ന് തൊട്ടുകൂടായ്മ പാടേ മാറണം. അയോദ്ധ്യയിലെക്ക് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭഗവാന്‍ ശ്രീരാമന്‍ മടങ്ങിയെത്തിയതുപോലെ സാമൂഹികജീവിതത്തില്‍ സനാതനസംസ്‌കൃതിയുടെ മൂല്യങ്ങളും കടന്നുവരണം. ചരിത്രം ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ പ്രാചീന സംസ്‌കൃതിക്ക് ഒരുടവും സംഭവിച്ചില്ല. പലപ്പോഴും നമ്മള്‍ കലഹിച്ചേക്കാം, എന്നാല്‍ രാഷ്ട്രത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണ്. എല്ലാ ആഘാതങ്ങളെയും നേരിട്ട് ഭാരതം പുരോഗതിയിലേക്ക് മുന്നേറിയത് നമ്മള്‍ ഒരുമിച്ച് പോരാടിയതുകൊണ്ടാണ്. തനിമയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ പുനര്‍രചിക്കുന്ന കാലമാണിത്. ഭാരതം ലോകത്തിനാകെ ധര്‍മ്മബോധം പകരുകയാണ്. രാഷ്ട്രത്തോടുള്ള ഭക്തി നമുക്ക് അടിസ്ഥാന മന്ത്രമാണ്. അത് ഐക്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴിയാണ്, സര്‍സംഘചാലക് പറഞ്ഞു.
ഹിന്ദുത്വമെന്നത് ഈ ജീവിതമൂല്യങ്ങളാണ്, നമ്മുടെ സംസ്‌കൃതിയുടെയും രാഷ്ട്രസ്വഭാവത്തിന്റെയും പേരാണത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍, ഹിന്ദുത്വത്തെ അവതരിപ്പിച്ചത് പ്രസംഗത്തിലൂടെയല്ല, പെരുമാറ്റത്തിലൂടെയായിരുന്നു. ആ പെരുമാറ്റരീതി സമാജത്തിലേക്ക് കൈമാറുകയാണ് സംഘം ചെയ്യുന്നത്. കുടുംബങ്ങളിലും രാഷ്ട്രബോധം വളരണം.
മക്കളും മാതാപിതാക്കളും തമ്മില്‍ നിലച്ചുപോയ ആശയവിനിമയം വീണ്ടും തുടങ്ങണം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം എല്ലാവരുടെയും കടമയാണെന്ന ബോധം എല്ലാവരിലുമെത്തണം, സര്‍സംഘചാലക് പറഞ്ഞു.
വിദര്‍ഭ പ്രാന്ത സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, അമരാവതി ജില്ലാ സംഘചാലക് വിപിന്‍ കാകഡെ, ധമന്‍ഗാവ് നഗര്‍ സംഘചാലക് ഗജാനന്‍ പവാര്‍, ചന്ദൂര്‍ നഗര്‍ സംഘചാലക് മനോജ് മിസല്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post