ന്യൂദല്‍ഹി: അടിമത്തത്തോടുള്ള പ്രതികരണമല്ല ദേശസ്‌നേഹം, അത് ജന്മസിദ്ധമാണെന്ന് തെളിയിച്ച മഹത്വമാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റേതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജീവിതം അദ്ദേഹം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. ഏത് പ്രതിസന്ധിയെയും മറികടക്കുന്നതിന് രാഷ്ട്രഹിതം മാനദണ്ഡമാക്കി. സമഗ്രമായ ആ ജീവിത ദര്‍ശനം വ്യക്തി എങ്ങനെ രാഷ്ട്രമാകുന്നുവെന്നതിന്റെ പാഠപുസ്തകമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. സുരുചി പ്രകാശന്‍ പുറത്തിറക്കിയ മാന്‍ ഓഫ് ദി മിലനിയ ഡോ. ഹെഡ്‌ഗേവാര്‍ എന്ന പുസ്തകം ന്യൂദല്‍ഹി ബാലയോഗി ആഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍ജിയുടെ ആദര്‍ശം സംഘമായിത്തീരുന്നതെങ്ങനെയെന്ന് ലോകത്തുള്ള പല സ്ഥാപനങ്ങളും ഇന്ന് പഠിക്കുന്നുണ്ട്. ഞാനല്ല നമ്മള്‍ എന്ന ആദര്‍ശമാണ് സംഘത്തിന്റെ കരുത്ത്. അതിനെ ബലപ്പെടുത്തുന്നത് നിരുപാധികമായ സ്‌നേഹമാണ്. സ്‌നേഹം അറിയുകയല്ല, അനുഭവിക്കുകയാണ് ചെയ്യേണ്ടത്. ആര്‍എസ്എസിനെ മനസിലാക്കാനും അതാണ് വഴി. അകലെ നിന്നല്ല, അടുത്തുനിന്ന് നോക്കണം. ഹൃദയം തുറന്ന് നോക്കണം. ദേശീയതയുടെ ആത്മാവാണ് സംഘപ്രവര്‍ത്തകരുടെ ഓരോ ചുവടുവയ്പിലും തുടിക്കുന്നത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഡോക്ടര്‍ജി സ്വയം സംഘമായിത്തീര്‍ന്ന വ്യക്തിത്വമാണ്. അദ്ദേഹം അനുകരണീയമായ മാതൃക തീര്‍ത്തു. ഒപ്പമുണ്ടായിരുന്ന ഓരോരുത്തര്‍ക്കും ഒരു ചുവട് വച്ചാല്‍ ഒപ്പമെത്തും വിധം അദ്ദേഹം തൊട്ടുമുന്നിലുണ്ടായിരുന്നു. ഞാന്‍ യോഗ്യനല്ലെന്ന് തോന്നിയാല്‍ എന്റെ സ്ഥാനത്ത് മറ്റൊരാളെ തെരഞ്ഞെടുക്കണമെന്ന് സര്‍സംഘചാലകായിരിക്കെ അദ്ദേഹം പറഞ്ഞു. അവരോടൊപ്പം ഒരു ഭാവഭേദവുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി, സര്‍കാര്യവാഹ് പറഞ്ഞു.
ഡോ. ഹെഡ്ഗേവാര്‍ സ്ഥാപിച്ച സംഘടനയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഇന്ന് ലോകം മുഴുവന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യാതിഥിയായ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) എസ്. അബ്ദുള്‍ നസീര്‍ പറഞ്ഞു. നാനാ പാല്‍ക്കര്‍ മറാത്തിയില്‍ രചിച്ച പുസ്തകം ഡോ. അനില്‍ നൈനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
Discussion about this post