നാഗ്പൂര്‍: അയോദ്ധ്യയില്‍ ശ്രീരാം ലല്ല പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പത്ത് റായി. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറുപത് വിദേശ രാജ്യങ്ങളിലും രാജ്യത്തെ ഏഴ് ലക്ഷം ക്ഷേത്രങ്ങളിലും പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ നടന്നു. 3100 ധര്‍മ്മാചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാന്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അയോദ്ധ്യയിലെത്തിയത്. ഇതില്‍ ഇരുനൂറിലധികം പേര്‍ പ്രമുഖരായ സംന്യാസിനിമാരായിരുന്നു. വിവിധ സമ്പ്രദായങ്ങളിലുള്ളവരായിരുന്നെങ്കിലും ശ്രീരാമകാര്യത്തില്‍ ഒറ്റ മനസോടെ അവര്‍ ഒരുമിച്ചു ചേര്‍ന്നു. 161 പരമ്പരകളില്‍ പെട്ട ആചാര്യന്മാരാണ് അവിടെ അന്നെത്തിയത്, അദ്ദേഹം പറഞ്ഞു.
വര്‍ഗ, വര്‍ണ ഭേദമില്ലാതെയാണ് ജനങ്ങള്‍ ശ്രീരാമനുവേണ്ടി ഒരുമിച്ചുവന്നു. രാജ്യത്തെ വിവിധ മേഖലകളിലെ 2500 പ്രമുഖര്‍ ചടങ്ങിനെത്തി. 36 ഗോത്ര വിഭാഗങ്ങളിലെ തലവന്മാര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി. വലുപ്പചെറുപ്പമില്ലാതെ മരം കോച്ചുന്ന തണുപ്പില്‍ അവര്‍ ഒത്തുചേര്‍ന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഓരോ ദിവസവും അന്നദാനം നടത്തിയത്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയവര്‍ സ്വയം മുന്നോട്ടുവന്നാണ് ഇക്കാര്യങ്ങളെല്ലാം നിര്‍വഹിച്ചത്. ലോകത്ത് ഇതുവരെ നടക്കാത്ത മഹത് സംഭവമായി പ്രാണപ്രതിഷ്ഠാചടങ്ങ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post