ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ജർമ്മനിക്ക് താക്കീതുമായി ഇന്ത്യ. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയതതിന് പിന്നാലെ ജർമ്മൻ വിദേശകാര്യ വക്താവ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യയിലെ ജർമ്മൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോർജ് എൻസ്വെയ്‌ലറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.
ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്‌ക്ക് അർഹതയുണ്ട്. അതിനായി ലഭ്യമായ എല്ലാ നിയമങ്ങളും അദ്ദേഹത്തിന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ജർമ്മൻ വക്താവ് പ്രസ്താവനയിറക്കിയത്. തുടർന്നാണ് ഇന്ത്യയിലെ ജർമ്മൻ എംബസിയിലെ ഉന്നതോദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്. മാത്രമല്ല, ഇന്ത്യയുടെ നിയമനടപടിക്രമങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന വിമർശനവും ഉന്നയിച്ചിട്ടുണ്ട്.
‘ഇന്ത്യയിലെ ജർമ്മൻ ഡെപ്യൂട്ടി അംബാസിഡറെ വിളിച്ചുവരുത്തി, രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്ന ജർമ്മൻ വിദേശകാര്യ വക്താവിന്റെ അഭിപ്രായത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. നിയമവാഴ്ച നിലനിൽക്കുന്ന ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിയമാനുസൃതമായിട്ടാണ് ഇവിടെ എല്ലാ കേസുകളും പരിഗണിക്കുന്നത്. അപ്പോൾ അതിന് അതിന്റെതായ സമയമെടുക്കും.’ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കൈക്കൂലി ചോദിച്ച് വാങ്ങിയത് മുതൽ സ്വകാര്യ മദ്യനയമുണ്ടാക്കിയതിൽ വരെ കെജ്രിവാളിന് നേരിട്ട് പങ്കുണ്ടെന്ന് ഇഡി ഇന്നലെ കോടതിയിൽ വാദിച്ചു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് അദ്ദേഹം.
Discussion about this post