കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കല്‍, അതിക്രമങ്ങള്‍, ഭൂമി തട്ടിയെടുക്കല്‍ എന്നീ കേസുകളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മമത സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ് ഈ ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും ഇയാളുടെ അനുയായികളായ പാര്‍ട്ടി നേതാക്കളുമാണ് കേസിലെ മുഖ്യ പ്രതികള്‍.
ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കാര്‍ഷിക ഭൂമി മത്സ്യക്കൃഷിക്കായി തരം മാറ്റിയെന്ന ആരോപണത്തിലും ജനുവരി അഞ്ചിന് ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം നടത്താന്‍ വന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സന്ദേശ്ഖാലിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ പക്ഷപാത രഹിതമായ അന്വേഷണം ആവശ്യമാണ്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ പിന്തുണയും നല്കണമെന്നും ഹൈക്കോടതി അറിയിച്ചു.
മെയ് രണ്ടിന് കോടതിയില്‍ വീണ്ടും വാദം കേള്‍ക്കും. അതിനുള്ളില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനിടെ സന്ദേശ്ഖാലി വിഷയത്തില്‍ വ്യക്തികള്‍ക്ക് നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടലും സിബിഐ തയാറാക്കി. പരാതി നല്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സന്ദേശ്ഖാലിയിലെ കാര്‍ഷിക ഭൂമി യാതൊരുവിധത്തിലുള്ള പരിശോധനയും നടത്താതെ മത്സ്യകൃഷിക്കെന്ന പേരില്‍ തരം മാറ്റുകയായിരുന്നു.
സന്ദേശ്ഖാലിയില്‍ ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറിയ അതിക്രമങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. വിഷയത്തില്‍ കോടതി ഇതിന് മുമ്പും ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയും കോടതിക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post