ലഖ്‌നൗ: വ്യക്തികളുടെ മതംമാറ്റം അവരുടെ പൂര്‍ണ സമ്മതത്തോടെയെന്ന് വ്യക്തമാക്കാന്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ആവശ്യമാണെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവര്‍ത്തനം നടന്നുവെന്ന വാക്കാലുള്ളതോ രേഖാ മൂലമുള്ളതോ ആയ പ്രഖ്യാപനം അത് നിയമവിധേയമാക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഏതൊരു വ്യക്തിക്കും മതംമാറാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ മതംമാറാനുള്ള വ്യക്തിയുടെ ആഗ്രഹം കാണിക്കുന്നതിന് വിശ്വാസയോഗ്യമായ തെളിവ് ആവശ്യമാണ്. ഒപ്പം മതംമാറ്റത്തിനുള്ള പ്രത്യക്ഷമായ നടപടികളും. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഇയാള്‍ ഭാര്യയുടെ മതം സ്വീകരിച്ചിരുന്നു.
മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതിയുടെ അച്ഛനാണ് കേസ് നല്കിയത്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ വയസ് തെളിയിക്കുന്നതിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവാഹ സമയത്ത് യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായി.
മതം മാറുന്നത് സംബന്ധിച്ച്, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരെ അറിയിക്കണമെന്നും മതംമാറ്റം വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളിലും മറ്റ് ഡോക്യുമെന്റുകളിലും ചേര്‍ക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇതിനായി സത്യവാങ്മൂലം നിര്‍ബന്ധമാക്കണമെന്നും ഉത്തരവിലുണ്ട്.
വ്യക്തിയുടെ പ്രദേശത്ത് പ്രചാരത്തിലുള്ള പത്രത്തില്‍ മതംമാറ്റത്തിന്റെ വിവരങ്ങള്‍ പരസ്യം ചെയ്യണം. ഇതില്‍ മറ്റാര്‍ക്കും എതിര്‍പ്പില്ലെന്ന് ഉറപ്പാക്കണം. വഞ്ചനാപരമായതോ നിര്‍ബന്ധിതമായതോ ആയ മതപരിവര്‍ത്തനമല്ല നടന്നതെന്നും ഉറപ്പാക്കണം. പരസ്യത്തില്‍ വ്യക്തിയുടെ പേര്, വയസ്, മേല്‍വിലാസം എന്നിവയുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഗസറ്റിലും ഇത് സംബന്ധിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കണം. ഗസറ്റില്‍ അപേക്ഷ ഫയല്‍ ചെയ്താല്‍ ഇതില്‍ വകുപ്പിന്റെ സൂക്ഷ്മ പരിശോധനയുണ്ടാകും. നടപടികളെല്ലാം നിയമപരമാണെന്ന് ബോധ്യപ്പെട്ടാല്‍ മതംമാറ്റത്തിനുള്ള അപേക്ഷ ഇ-ഗസറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിക്കാരന്റെ കേസില്‍ മതപരിവര്‍ത്തനം സ്വമേധയാ നടന്നതാണോ അതോ നിയമതടസങ്ങളും മറ്റും മറികടക്കാന്‍ ഏറ്റെടുത്തതാണോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് മെയ് ആറിലേക്ക് മാറ്റി.
Discussion about this post