ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പുവെയ്‌ക്കാൻ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്. എൻഡിഎ മുന്നണിയിലെ കക്ഷി നേതാക്കൾ, ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവർ മോദിക്കൊപ്പം ഉണ്ടായിരുന്നു. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വിഡിയോ പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
രാവിലെ ഗംഗയിൽ പ്രത്യേകം പ്രാർത്ഥനകൾ മോദി നടത്തി. താൻ ഗംഗയാൽ ദത്തെടുക്കപ്പെട്ടയാളെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിയിലെ ജനം ‘ബനാറസി’ ആക്കി. കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറം എന്നും മോദി പറഞ്ഞു.
വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കും. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്‍പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു.
Discussion about this post