ന്യൂഡൽഹി: രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യം കളിച്ച ദിവസം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വികാരപരമായ വാക്കുകളോടെയാണ് വീഡിയോയിൽ സുനിൽ ഛേത്രി സംസാരിച്ചു തുടങ്ങുന്നത്.
2005 ജൂൺ 12 ന് പാകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു സുനിൽ ഛേത്രി രാജ്യത്തിന് വേണ്ടി അരങ്ങേറിയത്. 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. 19 വർഷത്തെ കരിയറിൽ കളിയിലെ സമ്മർദ്ദവും അളക്കാനാകാത്ത സന്തോഷവും ഇടകലർന്ന ഓർമ്മകളാണുളളതെന്ന് സുനിൽ ഛേത്രി പറഞ്ഞു.
ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്.
ആദ്യ മത്സരവും ആദ്യ ഗോളും ദേശീയ ടീമിനൊപ്പമുളള യാത്രയിൽ അവിസ്മരണീയമാണെന്നും താരം കൂട്ടിച്ചേർത്തു. കോൽക്കത്തയിൽ
ജൂൺ ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബംഗലൂരു എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച സുനിൽ ഛേത്രി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഡെംപോ ഗോവ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
ആറ് തവണ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
Discussion about this post