അഹമ്മദാബാദ് : നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദില്‍ പിടിയിലായി. ശ്രീലങ്കന്‍ പൗരന്മാരെന്ന് കരുതുന്ന മുഹമ്മദ് നുസ്രത്ത് (33), മുഹമ്മദ് ഫാരിഷ് (35), മുഹമ്മദ് നഫ്രാന്‍ (27), മുഹമ്മദ് റഷ്ദീന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ പിടികൂടിയത്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും ബിജെപി, ആര്‍എസ്എസ് നേതാക്കളെയും ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഈ നാല് ഭീകരരും കയറിയതെന്ന് ഗുജറാത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വികാഷ് സഹായ് പറഞ്ഞു. അഹമ്മദാബാദില്‍ വന്നിറങ്ങിയപ്പോള്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
പാകിസ്ഥാനില്‍ കഴിയുന്ന ഐഎസ് ഭീകരന്‍ അബുവുമായി നാല് പേരും സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. അബുവിന്‌റെ പ്രേരണയില്‍ ഇന്ത്യയില്‍ ചാവേര്‍ ബോംബാക്രമണത്തിനായിരുന്നു പദ്ധതി. അബു അവര്‍ക്ക് 4 ലക്ഷം രൂപയും നല്‍കി. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ ചില ആയുധങ്ങളുടെ ചിത്രങ്ങളും ലൊക്കേഷന്‍ വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇതു പ്രകാരം നടത്തിയ തെരച്ചിലില്‍ നാനാചിലോഡ പ്രദേശത്ത് നിന്ന് മൂന്ന് പാകിസ്ഥാന്‍ പിസ്റ്റളുകളും 20 വെടിയുണ്ടകളും എടിഎസ് പിന്നീട് കണ്ടെടുത്തു.
Discussion about this post