ട്രിച്ചി: സാധാരണ വ്യക്തികളെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്ന പരിശീലനമാണ് ദൈനംദിന ശാഖകളിലൂടെ ആര്‍എസ്എസ് നല്‍കുന്നതെന്ന് അഖില ഭാരതീയ സഹസേവാ പ്രമുഖ് എ സെന്തില്‍കുമാര്‍ പറഞ്ഞു. ട്രിച്ചി ജയേന്ദ്ര വിദ്യാലയത്തില്‍ 20 ദിവസമായി നടന്ന ദക്ഷിണക്ഷേത്ര കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയുടെ സമാപന പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ശാഖകള്‍ ഉത്കൃഷ്ടമായി രീതിയില്‍ നടത്താന്‍ കാര്യകര്‍ത്താക്കളെ തയാറാക്കുന്ന പരിശീലനമാണ് തൃശ്ശിനാപ്പിള്ളിയില്‍ പൂര്‍ണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിനിര്‍മ്മാണത്തിലൂടെ സമാജ പരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സംഘടനയുടെ ശതാബ്ദിയോടനുബന്ധിച്ച് അഞ്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നു.
കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമൂഹ്യസമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മ്മം എന്നി പഞ്ച പരിവര്‍ത്തനങ്ങള്‍ ഒരോ സ്വയംസേവക കുടുംബങ്ങളും സ്വയം അനുഷ്ഠിക്കാനും സമാജത്തിലേക്ക് സംക്രമിപ്പിക്കാനും തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പ്രശസ്ത ന്യൂറോ വിദഗ്ധന്‍ ഡോ രാധാകൃഷ്ണന്‍ ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ എസ് ഗോപാല്‍, വര്‍ഗ് സര്‍വാധികാരി ഡോ.എ. കൃഷ്ണമൂര്‍ത്തി എന്നിവരും സന്നിഹിതരായിരുന്നു.
Discussion about this post