ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജൂണ്‍ 8 ശനിയാഴ്ച നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.
ഇതിനുമുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളളത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ഇതില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ ബിജെപി അടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. രാഷ്‌ട്രപതി ഭവനില്‍ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ ചെടികളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു എന്നും 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു ടെന്‍ഡര്‍ എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കര്‍ത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്‌ട്രീയ പരിപാടി നടക്കുമെന്നും സൂചനകളുണ്ടായിരുന്നു.
രാജ്യത്തുടനീളം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യാത്ര, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ട്രാന്‍സിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് നടത്തിവരികയാണ്.
Discussion about this post