ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പോലീസ്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചാൽ അത് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭദേർവയിലെ ചാറ്റർഗല്ലയിൽ സൈനികരുടേയും പോലീസിന്റേയും ചെക്‌പോസ്റ്റുകളിലേക്ക് ഭീകരർ വെടിയുതിർത്തിരുന്നു. ഭദേർവ, താത്രി, ഗണ്ഡോ എന്നീ പ്രദേശങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുവെന്ന് വിവരം ലഭിച്ച നാല് ഭീകരരുടെ രേഖാചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നതെന്ന് ജമ്മു കശ്മീർ പോലീസ് വക്താവ് അറിയിച്ചു.
തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരന്റെ രേഖാചിത്രം പോലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്നും വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് തീവർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസമയം ഉത്തർപ്രദേശ്, രാജസ്ഥാൻ, ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 53 തീർത്ഥാടകരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.
ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post